MANORAMA

വയറ്റിലെ സൂക്ഷ്മജീവികളും പാർക്കിൻസൺസ് രോഗവും: പുതിയ പഠന റിപ്പോർട്ട്

കൊച്ചി/തിരുവനന്തപുരം∙ പേശികളിലെ മുറുക്കം, ശരീരവിറയൽ, ചലനശേഷിയിലെ തകരാറുകൾ എന്നിവയ്ക്ക് വഴിവെക്കുന്ന പാർക്കിൻസൺസ് രോഗത്തിന്റെ ഉത്ഭവത്തിൽ മനുഷ്യന്റെ കുടലിൽ കാണപ്പെടുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികൾക്ക് നിർണായക പങ്കുണ്ടെന്ന് കേരളത്തിലെ രോഗികളിൽ നടത്തിയ നൂതന പഠനം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എൻജെപി (NJP) പാർക്കിൻസൺസ് ഡിസീസ് എന്ന ശാസ്ത്രീയ ജേണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശരീരത്തിന്റെ ചലനങ്ങളെ ഏകോപിപ്പിക്കാൻ അത്യന്താപേക്ഷിതമായ ‘ഡോപാമിൻ’ എന്ന രാസഘടകത്തെ നിർമിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങൾ നശിക്കുമ്പോഴാണ് പാർക്കിൻസൺസ് രോഗം പിടിപെടുന്നത്. കുടലും മസ്തിഷ്കവും തമ്മിൽ നിരന്തരമായ ഒരു ബന്ധമുണ്ടെന്നും, ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ തലച്ചോറിൽ നീർക്കെട്ടിനും അനുബന്ധ പ്രശ്നങ്ങൾക്കും വഴിവെക്കാമെന്നും നേരത്തെതന്നെ ശാസ്ത്രലോകം സംശയിച്ചിരുന്നു. പാർക്കിൻസൺസ് ബാധിച്ചവരിൽ വിറയൽ പോലുള്ള പ്രകടമായ ലക്ഷണങ്ങൾ പുറത്തുവരുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ മലബന്ധം ഉൾപ്പെടെയുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ടെന്ന് മുൻകാല പഠനങ്ങളും സൂചന നൽകിയിരുന്നു.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ‘കോംപ്രിഹെൻസീവ് കെയർ സെന്റർ ഫോർ മൂവ്മെന്റ് ഡിസോർഡേഴ്സിൽ’ ചികിത്സയിൽ കഴിഞ്ഞിരുന്ന 65 പാർക്കിൻസൺസ് രോഗികളെയും, താരതമ്യ പഠനത്തിനായി ആരോഗ്യവാന്മാരായ 65 പേരെയും (രോഗികളുടെ കൂടെയുള്ളവർ) ഉൾപ്പെടുത്തിയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. സാംപിളുകളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെ വേർതിരിച്ചറിയാൻ അത്യാധുനിക ജീനോമിക് സാങ്കേതികവിദ്യയും, ഇവയുടെ പ്രവർത്തനം വിശകലനം ചെയ്യാൻ കമ്പ്യൂട്ടർ അധിഷ്ഠിത മാർഗങ്ങളുമാണ് വിദഗ്ധർ അവലംബിച്ചത്.

പഠനത്തിൽ കണ്ടെത്തിയ പ്രധാന വിവരങ്ങൾ ഇതൊക്കെയാണ്: പാർക്കിൻസൺസ് രോഗികളിൽ കുടലിൽ വീക്കം ഉണ്ടാക്കാൻ കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ആരോഗ്യവാന്മാരെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. മറുവശത്ത്, കുടലിലെ ആവരണത്തെ സംരക്ഷിക്കാനും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്ന ‘ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ’ പുറപ്പെടുവിക്കുന്ന ഉപകാരികളായ ബാക്ടീരിയകളുടെ അളവ് ഇവരിൽ കുറവാണെന്നും തെളിഞ്ഞു. ബാക്ടീരിയകളിലുണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ കുടലിന്റെ സംരക്ഷണ ഭിത്തിയെ ദുർബലപ്പെടുത്തുകയും അത് ശരീരത്തിൽ വീക്കം പടരാൻ ഇടയാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ വിലയിരുത്തുന്നു.

കൂടാതെ, ബാക്ടീരിയകളുടെ എണ്ണത്തിലുള്ള ഈ ഏറ്റക്കുറച്ചിലുകൾ പാർക്കിൻസൺസ് രോഗത്തിന്റെ കാഠിന്യവും മറ്റ് ക്ലിനിക്കൽ ലക്ഷണങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡോപമിൻ, ഗ്ലൂട്ടാമേറ്റ്, GABA തുടങ്ങിയ പ്രധാനപ്പെട്ട രാസസന്ദേശവാഹകങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ, ഈ ബാക്ടീരിയകൾ പാർക്കിൻസൺസ് രോഗത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടാകാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Source link

Related Articles

Back to top button