KAUMUDI

ദിയ കൃഷ്ണയോട് ഒരു ചോദ്യം; മതത്തിന്റെ പേരിൽ മനുഷ്യരെ അകറ്റി നിർത്തുന്നത് എന്തിനാണ്?

വിദ്വേഷ പ്രചാരണത്തിന് പിന്തുണ; ഇൻഫ്ളൂവൻസർ ദിയ കൃഷ്ണയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമാക്കി ഉത്തരേന്ത്യൻ ഇൻഫ്ളൂവൻസർ നടത്തിയ വിദ്വേഷ പരാമർശത്തെ പിന്തുണച്ച സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ് രംഗത്ത്. ഒരു പ്രത്യേക മതവിഭാഗം കൂടുതലായി താമസിക്കുന്ന പ്രദേശം അപകടകരമാണെന്ന് കരുതുന്നുണ്ടെങ്കിൽ അതിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് താര തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

‘ലക്ഷക്കണക്കിന് ആളുകൾ നിങ്ങളെ പിന്തുടരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വലിയൊരു സാമൂഹിക ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നിങ്ങളുയർത്തുന്ന ഓരോ വാക്കും നിരവധി പേരുടെ ചിന്തകളെ സ്വാധീനിക്കാൻ കെൽപ്പുള്ളതാണ്. ഒരു വിഭാഗത്തെ കേരളത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന വിദ്വേഷ വീഡിയോയ്ക്ക് പിന്തുണയുമായി എത്തുമ്പോൾ നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? പ്രശസ്തി വർധിക്കുന്തോറും പക്വതയും ഉത്തരവാദിത്തവും കൈമുതലാകണം. അല്ലാതെ, തെറ്റായ മുൻവിധികൾക്ക് സമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയല്ല വേണ്ടത്’- താര വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഫോർട്ട് കൊച്ചിയിൽ മുസ്ലിം ജനസംഖ്യ കൂടുതലായതുകൊണ്ട് കേരളം അപകടത്തിലാണത്രേ! ഇത്തരമൊരു വിദ്വേഷ പ്രസ്താവന നടത്തിയത് ഏതോ ഒരു ഉത്തരേന്ത്യൻ സംഘി ഇൻഫ്ളൂവൻസറാണ്. അതിനെ ‘Sad reality’ എന്ന് വിശേഷിപ്പിച്ച് പിന്തുണയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ ഇൻഫ്ളൂവൻസർ ദിയ കൃഷ്ണ ചെയ്തത്. പ്രിയപ്പെട്ട ദിയ, നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.

ഒരു നാട്ടിൽ മുസ്ലിംകൾ ജീവിക്കുന്നത് അപകടമാണോ? അതോ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ വർഗീയ ചിന്താഗതിയാണോ യഥാർത്ഥ അപകടം? അയൽക്കാരന്റെ വിശ്വാസത്തെ ഭയപ്പെടണോ? കേവലം ഒരു മതവിഭാഗത്തിന്റെ സാന്നിധ്യം മാത്രമാണോ നിങ്ങൾക്ക് ഭീഷണിയായി തോന്നുന്നത്? ഇതാണോ നിങ്ങളുടെ ‘Sad reality’?

ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ നിങ്ങൾ ഇതേപോലെ ‘അപകട മേഖല’ എന്ന് വിളിക്കുമോ? മുസ്ലിംകൾ കൂടുതലുള്ള പ്രദേശം നിങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ യുക്തി എന്താണ്? അവിടെയുള്ളവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ? അതോ അവരുടെ മതം മാത്രമാണോ നിങ്ങളുടെ ഭയത്തിന് കാരണം?

സോഷ്യൽ മീഡിയയിലെ നിങ്ങളുടെ സ്വാധീനം വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണ്. വിദ്വേഷ വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നത് വഴി നിങ്ങൾ എന്ത് മാതൃകയാണ് സമൂഹത്തിന് നൽകുന്നത്? വ്യക്തി എന്ന നിലയിൽ പക്വതയും സാമൂഹികബോധവും നിങ്ങൾക്ക് അനിവാര്യമാണ്.

ഫോർട്ട് കൊച്ചിയുടെ ചരിത്രം അറിയാത്തവർക്കായി പറയട്ടെ, നൂറ്റാണ്ടുകളായി വിവിധ മതങ്ങളും സംസ്കാരങ്ങളും ഒത്തുചേർന്ന മണ്ണാണത്. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരും ഉൾപ്പെടെയുള്ളവർ സഹവർത്തിത്വത്തോടെ ജീവിച്ച, വൈവിധ്യങ്ങളുടെ കലവറയാണാ പ്രദേശം. അവിടുത്തെ ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും ആ സാംസ്കാരിക ഐക്യത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. മതവൈവിധ്യത്തെ ഉൾക്കൊള്ളുന്നതാണ് യഥാർത്ഥ പരിഷ്കൃത സമൂഹം.

കേരളത്തിന്റെ പാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ചിന്തകളെ നിശബ്ദമായി കണ്ടുനിൽക്കാനാവില്ല. ദിയ, നിങ്ങളുടെ കഴിവുകൾ നിങ്ങളെ ശ്രദ്ധേയയാക്കിയേക്കാം, എന്നാൽ മനുഷ്യരോടുള്ള സമീപനമാണ് നിങ്ങളെ ആദരണീയയാക്കുന്നത്. ഫാഷനും ട്രെൻഡുകളും മാറും, എന്നാൽ മതത്തിന്റെ പേരിൽ വിഭജനം ഉണ്ടാക്കുന്ന നിങ്ങളുടെ നിലപാട് സമൂഹത്തിൽ വലിയ മുറിവുകൾ സൃഷ്ടിക്കും. വിദ്വേഷമല്ല, വൈവിധ്യത്തോടുള്ള ബഹുമാനമാണ് സംസ്കാരം. മതം എന്നത് വ്യക്തിപരമായ വിശ്വാസമാണ്, അത് മറ്റുള്ളവർക്കെതിരെ വെറുപ്പ് പടർത്താനുള്ള ലൈസൻസല്ല!

RELATED TOPICS: DIYA KRISHNA, TARA TOJO ALEX, FORT KOCHI CONTROVERSY, KERALA HATE SPEECH, YOUTH CONGRESS KERALA


Source link

Related Articles

Check Also
Close
Back to top button