KAUMUDI

ഫോർട്ടുകൊച്ചിയെ ലക്ഷ്യമിട്ട് വ്യാജപ്രചാരണം; വർഗീയതയുമായി ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ, പിന്തുണയുമായി ദിയ കൃഷ്ണയും

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന വീഡിയോ

കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും ലക്ഷ്യമാക്കി ഉത്തരേന്ത്യൻ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ വിവാദമാകുന്നു. ഫോർട്ട് കൊച്ചിയിൽ മുസ്ലീങ്ങളുടെ സ്വാധീനം വർധിച്ചുവെന്നും കേരളം വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ‘ലിറ്റിചോക്കപ്പ്’ (LittiChokup) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പ്രകോപനപരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.

താൻ ഇപ്പോൾ ഫോർട്ട് കൊച്ചിയിലാണ് കഴിയുന്നതെന്നും, ഈ വീഡിയോയുടെ പേരിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കുമെന്നും ഇയാൾ ഭീഷണി സ്വരത്തിൽ പറയുന്നുണ്ട്. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ‘കാശി ആർട്ട് കഫേ’യെയും ഇയാൾ വീഡിയോയിൽ പരാമർശിക്കുന്നു.

കാശി എന്ന പേര് കേൾക്കുമ്പോൾ ബനാറസുമായി ബന്ധപ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും, എന്നാൽ അവിടെ തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്നും ഇയാൾ വ്യാഖ്യാനിക്കുന്നു. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വീഡിയോയെ പിന്തുണച്ച് രംഗത്തെത്തിയത് ചർച്ചയായിട്ടുണ്ട്. ‘sad reality’ എന്നാണ് ദിയ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഉത്തരേന്ത്യൻ ഇൻഫ്ളൂവൻസറുടെ വിദ്വേഷ പരാമർശം

‘കാശി കഫേയ്ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. മഹാത്മാഗാന്ധിക്കൊപ്പം മുഹമ്മദാലി ജിന്നയുടെ ചിത്രം ചുവരിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ഇന്ത്യയിൽ ഞാൻ ആദ്യമായാണ് കാണുന്നത്. ഉടമസ്ഥൻ അൻപതിലധികം വെള്ളി പൂശിയ ചിത്രങ്ങൾ അവിടെ വെച്ചിട്ടുണ്ട്. മെനു കാർഡ് പരിശോധിച്ചപ്പോൾ മുഴുവൻ ബീഫ് വിഭവങ്ങളാണ്. പേര് കാശി എന്നാണെങ്കിലും അവിടെ ജിന്നയുടെ ഫോട്ടോയും ബീഫും വിളമ്പുന്നു.

വർക്കലയെക്കുറിച്ച് ഞാൻ മുമ്പ് ചെയ്ത വീഡിയോ വ്യാജമാണെന്ന് പറഞ്ഞ് കേരള ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു. അതിൽ എന്ത് വ്യാജമാണുള്ളത്? ഭാരതത്തെ വെട്ടിമുറിച്ച ജിന്നയുടെ ചിത്രത്തിന് നമ്മുടെ രാജ്യത്ത് എന്ത് പ്രസക്തിയാണുള്ളത്? ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും സിഖുകാരുടെയും മരണത്തിന് കാരണക്കാരനായ വ്യക്തിയാണിത്. കേരളത്തിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടോ? കാശി ആർട്ട് കഫേ ഉടമയോട് എനിക്ക് പറയാനുള്ളത്, ഇതിന്റെ പേര് ‘കറാച്ചി ആർട്ട് കഫേ’ എന്നാക്കാനാണ്. കാരണം ജിന്നയെ മഹത്വവൽക്കരിക്കുകയും ബീഫ് വിൽക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്.

ഭൂമിയിലെ ഏറ്റവും പവിത്രമായ നഗരത്തിന്റെ പേരാണ് കാശി. എന്നാൽ ഫോർട്ട് കൊച്ചി ഇപ്പോൾ ഇസ്ലാമികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ടാക്സി ഡ്രൈവർമാർ, കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ തുടങ്ങി 95 ശതമാനം പേരും മുസ്ലീങ്ങളാണ്. ഇതുകണ്ട് ഞാൻ ഞെട്ടിപ്പോയി. സംസ്ഥാന സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. ഇവിടുത്തെ വലതുപക്ഷ പ്രവർത്തകർ പോലും ഭയം കാരണം ലൊക്കേഷൻ വെളിപ്പെടുത്തരുത് എന്ന് എന്നോട് അഭ്യർത്ഥിച്ചു.

അറബ് ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ഇസ്ലാം മതം ശക്തിപ്പെടുത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ കേരളം നമുക്ക് നഷ്ടപ്പെടും. ഹിന്ദുക്കൾക്ക് ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്നും’ ഇയാൾ ആരോപിക്കുന്നു.

RELATED TOPICS: FORT KOCHI CONTROVERSY, DIYA KRISHNA, KERALA HATE SPEECH, NORTH INDIAN INFLUENCER, KERALA SOCIAL MEDIA CONTROVERSY


Source link

Related Articles

Check Also
Close
Back to top button