നെതന്യാഹുവിനെതിരെ ഐസൻകോട്ട്–അറബ് സഖ്യ നീക്കം; ഇസ്രയേലിൽ രാഷ്ട്രീയ പ്രതിസന്ധി

ജറുസലം ∙ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേതൃത്വം നൽകുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചില്ല. ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് ആകെ ലഭിച്ചത് 53 സീറ്റുകളാണ്. മുഖ്യ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റുകൾ ലഭിച്ചു. അറബ് പാർട്ടികൾ ആകട്ടെ 19 സീറ്റുകളുമായി തങ്ങളുടെ കരുത്ത് തെളിയിച്ചു.
∙ അടുത്ത നീക്കം എന്ത്? അന്തിമഫലം പുറത്തുവന്നതോടെ നെതന്യാഹുവിനും പ്രതിപക്ഷത്തിനും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ രൂപീകരണം. ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ പ്രതിപക്ഷ സഖ്യത്തിന്റെ കൈവശവുമില്ല. ഒരു ബദൽ ഭരണകൂടം നിലവിൽ വരണമെങ്കിൽ അറബ് പാർട്ടികളുടെ പിന്തുണയോ സഹകരണമോ അനിവാര്യമാണ്. എന്നാൽ ഇത്തരമൊരു കൂട്ടുകെട്ടിന് രാഷ്ട്രീയമായി വലിയ തടസ്സങ്ങളുണ്ട്. സമവായത്തിലൂടെ സർക്കാരുണ്ടാക്കാൻ ഇരുപക്ഷത്തിനും കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്. അതേസമയം, ചില ഉപാധികളോടെ അറബ് പാർട്ടികളുമായി സഹകരിക്കാൻ തയാറാണെന്ന സൂചന ഗാദി ഐസൻകോട്ടിന്റെ പക്ഷം നൽകുന്നുണ്ട്.
∙ വിദേശ ഇടപെടലെന്ന് ആരോപണം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ ശക്തികളുടെ ഇടപെടൽ നടന്നെന്ന ഗുരുതര ആരോപണവുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി രംഗത്തെത്തി. അറബ് കക്ഷികൾ നിയമവിരുദ്ധമായി പണം നൽകി വോട്ടുകൾ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് വോട്ടർമാരെ സ്വാധീനിക്കാൻ അനധികൃതമായി ഫണ്ട് എത്തിയതായും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇത്തരം ആരോപണങ്ങൾക്ക് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് സമിതിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. വിഷയത്തിൽ ഖത്തറും ഇടപെടൽ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.



