MANORAMA

അഞ്ച് ലക്ഷം വ്യാജ മെയിൽ ഐഡികൾ നിർമിച്ച് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വിറ്റ മലയാളി യുവാവ് പിടിയിൽ

ലക്നൗ∙ വ്യാജ ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കി പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് മറിച്ചുവിറ്റ കാൺപുർ സ്വദേശിയായ യുവാവിനെ ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തു. ഇരുപത്തിനാലുകാരനായ അങ്കിത് ശംഖ്‌വാറാണ് പിടിയിലായത്. ഡൽഹി, നോയിഡ, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ പ്രമുഖ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നിൽ ഇയാൾ വിറ്റ ഇമെയിൽ ഐഡികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

2021 മുതൽ ഇത്തരം വ്യാജ ഇമെയിൽ അക്കൗണ്ടുകൾ നിർമിച്ചു വിൽക്കുന്നതിൽ അങ്കിത് സജീവമാണ്. തന്റെ തിരിച്ചറിയൽ രേഖകൾ പുറത്തുവരാതിരിക്കാൻ പ്രോക്സി നെറ്റ്‌വർക്കുകളുടെയും വൈഫൈയുടെയും സഹായത്തോടെ അതീവ രഹസ്യമായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴിയായിരുന്നു ഇമെയിൽ അക്കൗണ്ടുകളുടെ കച്ചവടം. തുർക്കി, ഈജിപ്ത്, ബംഗ്ലദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യക്തികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ക്രിപ്‌റ്റോകറൻസി വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ബംഗ്ലദേശ് സ്വദേശിയായ അലാമിൻ ഇസ്‌ലാമിന് ഇമെയിൽ വിലാസങ്ങൾ കൈമാറിയതിന് പ്രതിഫലമായി 6000 യുഎസ് ഡോളർ മൂല്യമുള്ള ടെതർ (Tether) ലഭിച്ചതായി ചോദ്യം ചെയ്യലിൽ അങ്കിത് സമ്മതിച്ചു. (Disclaimer: ഈ വാർത്ത‌യ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Dinehshukla എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)

Source link

Related Articles

Back to top button