18 വയസ്സിൽ താഴെയുള്ള കുറ്റാരോപിതർക്ക് പ്രത്യേക നിയമനടപടികളും തടവുസ്ഥലവും

ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിമൂന്നുകാരിയും സുഹൃത്തുക്കളും ഉൾപ്പെട്ട കേസ്, നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പത്തൊൻപതുകാരൻ പിടിയിലായ സംഭവം, ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ച കേസിൽ പതിനേഴുകാരൻ പ്രതിയായത് – ഇങ്ങനെ കൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സാധാരണ നിയമനടപടികളിൽ നിന്നും വ്യത്യസ്തമായ രീതികളാണ് പിന്തുടരുന്നത്.
ജയിലുകളല്ല, പകരം സംരക്ഷണ കേന്ദ്രങ്ങൾ: കുറ്റാരോപിതരായ കുട്ടികളെ സാധാരണ ജയിലുകളിലല്ല, മറിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ വിചാരണാ വേളയിൽ ഇവരെ ഒബ്സർവേഷൻ ഹോമുകളിലാണ് താമസിപ്പിക്കുക. എന്നാൽ, അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16നും 18നും ഇടയിൽ പ്രായമുള്ളവരെ വിചാരണാ സമയത്തും, കുറ്റം തെളിയിക്കപ്പെട്ടാൽ 21 വയസ്സുവരെയും തൃശൂരിലെ ‘പ്ലേസ് ഓഫ് സേഫ്റ്റി’യിലാണ് സംരക്ഷിക്കുക. അതിനുശേഷം ഇവരെ സാധാരണ ജയിലുകളിലേക്ക് മാറ്റുന്നു. കുറ്റകൃത്യങ്ങൾക്കായി വിചാരണ നേരിട്ട് ശിക്ഷിക്കപ്പെടുന്ന കുട്ടികളെ, വിദ്യാഭ്യാസം തുടരാനുള്ള സൗകര്യങ്ങളോടെ 18 വയസ്സുവരെ സ്പെഷൽ ഹോമുകളിൽ പാർപ്പിക്കും. പ്രായം പൂർത്തിയാകുന്നതോടെ ഇവരെയും പ്ലേസ് ഓഫ് സേഫ്റ്റിയിലേക്ക് മാറ്റുകയാണ് പതിവ്.
ബോസ്റ്റൽ സ്കൂൾ: 18നും 21നും ഇടയിൽ പ്രായമുള്ളവർ സാധാരണ കോടതികളിലാണ് വിചാരണ നേരിടേണ്ടത്. എങ്കിലും, മറ്റ് കുറ്റവാളികളുമായി സഹവസിക്കുന്നത് ഒഴിവാക്കുന്നതിനായി, വിചാരണാ വേളയിലും ശിക്ഷാ കാലാവധിയിലും ഇവരെ ജയിൽ വകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കുന്നത്. 21 വയസ്സ് തികയുന്നതോടെ ഇവരെ സാധാരണ ജയിലിലേക്ക് മാറ്റുന്നു.
ഭാഷയിലും ഉണ്ട് മാറ്റങ്ങൾ: കൗമാരക്കാർ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും കൃത്യമായ നിയമപരമായ വ്യത്യാസങ്ങളുണ്ട്. ‘പ്രതി’ എന്ന വാക്കിന് പകരം ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി (child in conflict with law)’ എന്നാണ് വിശേഷിപ്പിക്കുന്നത്. അറസ്റ്റ് എന്നതിന് പകരം ‘അപ്രിഹെൻഷൻ’ എന്നും, റിമാൻഡ് എന്നതിന് പകരം ‘പ്ലേസ്മെന്റ്’ എന്നും ഉപയോഗിക്കുന്നു. കുറ്റപത്രത്തിന് പകരം ‘ഫൈനൽ റിപ്പോർട്ട്’ എന്നും, എഫ്ഐആറിന് പകരം ഔദ്യോഗികമായി ‘സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് (എസ്ബിആർ)’ എന്നുമാണ് ഈ കേസുകളിൽ രേഖപ്പെടുത്തുന്നത്.




