സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; ടിക്കറ്റ് റീഫണ്ടിനും മാറ്റത്തിനും അവസരം

റിയാദ്∙ പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള തങ്ങളുടെ വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സംയുക്തമായി അറിയിച്ചു. ഇക്കാലയളവിൽ യാത്ര പ്ലാൻ ചെയ്തിരുന്നവർക്ക് നവംബർ 29 വരെയുള്ള ലഭ്യമായ തീയതികളിലേക്ക് ടിക്കറ്റുകൾ സൗജന്യമായി പുനഃക്രമീകരിക്കാനുള്ള അവസരമുണ്ട്. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് തുക പൂർണമായും മടക്കി നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, എയർ ഇന്ത്യയുടെ വിമാന ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗദിയിലെ തന്നെ മറ്റ് എയർ ഇന്ത്യ സ്റ്റേഷനുകളിലേക്ക് യാത്ര മാറ്റാൻ അവസരമൊരുക്കും. ഇതേ മാതൃകയിൽ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദിയിലും ബഹ്റൈനിലുമുള്ള ലഭ്യമായ മറ്റ് വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റുകൾ മാറ്റി നൽകാനും സൗകര്യമുണ്ടാകും.




