KAUMUDI

വറ്റ മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ജാഗ്രത പാലിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മുതലപ്പൊഴിയിൽ ബുധനാഴ്ചയുണ്ടായ ചാകരയെത്തുടർന്ന് വൻതോതിൽ ലഭിച്ച വറ്റമീൻ കഴിച്ച 28 പേരെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. മത്സ്യം കഴിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് വർക്കല മുനിസിപ്പാലിറ്റി കർശന നിർദേശം നൽകി. കയ്യിൽ ഈ മത്സ്യം വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ അത് ഉടൻതന്നെ സുരക്ഷിതമായി നശിപ്പിച്ചുകളയണമെന്ന് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പുന്നമൂട് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി ഉപയോഗിച്ചവരാണ് ചികിത്സയിലുള്ളവരിൽ ഏറെയും. ചാകര ലഭിച്ചതോടെ സാധാരണ 550 രൂപ വിലയുണ്ടായിരുന്ന വറ്റമീൻ 120 മുതൽ 150 രൂപ വരെയുള്ള കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ എത്തിയത്. ചാകരയിൽ ലഭിച്ച മീനുകൾക്കൊപ്പം കേടായ മീനുകളും വിൽപ്പനക്കാർ കൂട്ടിക്കലർത്തിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വൻതോതിൽ മീൻ പിടിക്കുമ്പോൾ ഐസ് ഉപയോഗിച്ച് ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് ബാക്ടീരിയകൾ പെരുകാൻ ഇടയാക്കും. കൂടാതെ, വറ്റ പോലുള്ള കടൽ മത്സ്യങ്ങളിൽ കൃത്യമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ‘ഹിസ്റ്റാമിൻ’ എന്ന വിഷാംശം വേഗത്തിൽ രൂപപ്പെടാൻ സാധ്യതയേറെയാണ്.

മത്സ്യം കഴിച്ച് 10 മുതൽ 30 മിനിറ്റിനുള്ളിൽ മുഖം ചുവന്നുതടിക്കുക, ചൊറിച്ചിൽ, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നിയമവിരുദ്ധമായി വറ്റമീൻ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഈ വിഷബാധ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വർക്കല ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനി വ്യക്തമാക്കി.


Source link

Related Articles

Back to top button