MANORAMA
യാത്രയ്ക്കിടെ ബൈക്കിൽ അണലി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാരൻ

വട്ടോളിയിൽനിന്നും പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. റിട്ട. കെഎസ്ഇബി ഓവർസീയർ കെ.കെ.ചന്ദ്രൻ പിലാച്ചേരി ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ബൈക്കിന്റെ ഹാൻഡിലിന് സമീപം പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നുതന്നെ വാഹനം ഒതുക്കി നിർത്തി നാട്ടുകാരുടെ സഹായം തേടിയെങ്കിലും, അതിനിടയിൽ പാമ്പ് ബൈക്കിന്റെ ഉൾഭാഗത്തേക്ക് ഇഴഞ്ഞു കയറി. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. അത്യന്തം വിഷമുള്ള അണലിയെയാണ് പിടികൂടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.



