മദ്യശാലകളിൽ ആധാർ പരിശോധന കർശനമാക്കുന്നു; വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ലിജു

തൃശൂർ: മദ്യശാലകളിൽ എത്തുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖകൾ വാങ്ങി പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രം മദ്യം നൽകിയാൽ മതിയെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. കേരളത്തിൽ മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സാണ്. ഇത് ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
നെടുമ്പാശ്ശേരിയിൽ മുൻപ് നടന്ന സംഭവത്തിൽ എക്സൈസ് വകുപ്പിനോട് നേരിട്ട് ഇടപെടാൻ താൻ നിർദേശിച്ചിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. അന്ന് ചട്ടം ലംഘിച്ച് പ്രവർത്തിച്ച ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇനിയും ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കുന്നത് നിർബന്ധമാക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
സംസ്ഥാനത്തെ പുതിയ മദ്യനയം രൂപീകരിക്കുന്നതിനായുള്ള പ്രാഥമിക ചർച്ചകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. നവംബർ മാസത്തോടെ പുതിയ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ടൂറിസം മേഖലയുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത്, കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിലപാടുകളാകും പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തുക. കൂടാതെ, ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഇത്തരം തീരുമാനങ്ങൾ വളരെ ഗൗരവത്തോടെ മാത്രമേ കൈക്കൊള്ളാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഹോർട്ടി വൈൻ വിപണനം നടത്തുമ്പോൾ, അതീവ സാമൂഹിക ഉത്തരവാദിത്തത്തോടെ മാത്രമേ അത് വിതരണം ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



