ഖത്തർ കെഎംസിസി ഓഫിസ് കവർച്ച: അഞ്ചാം പ്രതി രാജ്യം വിട്ടു

കോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിൽനിന്ന് എട്ടു കോടിയോളം രൂപ കവർന്ന കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയായ ഹസനാണ് രാജ്യം വിട്ടത്. നെല്യാടി പരപ്പിൽ ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് ഹസൻ ഖത്തറിലേക്ക് കടന്നതെന്നാണ് വിവരം. ബാലകൃഷ്ണന്റെ കീഴടങ്ങലോടെയാണ് ഈ കവർച്ചാക്കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി എന്ന ഷാജഹാൻ, പയ്യോളി റാഷി, ബാവ എന്ന സാലിഹ്, ഹസൻ മമ്മാലി, നിസാർ എന്നിവരെ പ്രതികളാക്കി കൊയിലാണ്ടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും തലശ്ശേരി സ്വദേശിയുമായ പി.കെ. അബ്ദുൽ റഹീമിന്റെ പരാതിയിലാണ് കേസെടുത്തത്. കൊയിലാണ്ടിയിലെത്തി ബാലകൃഷ്ണനുമായി നേരിട്ട് സംസാരിച്ച അബ്ദുൽ റഹീം, ഇയാൾ നൽകിയ വിവരങ്ങൾ റെക്കോർഡ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു.
കേസിൽ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ മുൻകൂർ ജാമ്യത്തിനായി നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. കവർച്ചയുമായും പണമിടപാടുകളുമായും ബന്ധപ്പെട്ട് പ്രതികൾ മറ്റുള്ളവരുമായി സംസാരിച്ചുവെന്ന് കരുതുന്ന ശബ്ദരേഖകളും ഇതിനിടെ പുറത്തുവന്നു. 2025 സെപ്റ്റംബർ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവരുകയായിരുന്നു.
ജിസിസി രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള മറ്റ് ഇടങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അനുഭാവികളുടെയും മലയാളി പ്രവാസികളുടെയും സാംസ്കാരിക-ജീവകാരുണ്യ വേദിയാണ് കെഎംസിസി. ഖത്തറിലെ 25,000-ത്തിലധികം പ്രവർത്തകരുടെ ക്ഷേമത്തിനായി സ്വരൂപിച്ച 31 ലക്ഷം ഖത്തർ റിയാലാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. ഓരോ അംഗവും 20 റിയാൽ വീതം നൽകി രൂപീകരിച്ച ഫണ്ടാണിത്. ഖത്തറിൽ പണപ്പിരിവ് നടത്തി ബാങ്കിൽ നിക്ഷേപിക്കുന്നത് നിയമവിരുദ്ധമായതിനാൽ, ക്ഷേമനിധി തുക ഓഫിസിലെ പ്രത്യേക ലോക്കറിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന.




