മന്ത്രിമാർക്കും സ്റ്റാഫിനും ഐപാഡ് വാങ്ങാൻ 6.71 കോടി; സർക്കാരിന്റെ പുതിയ ധൂർത്തിന് ടെൻഡറായി

തിരുവനന്തപുരം∙ സംസ്ഥാനത്തെ മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ ഒരുങ്ങി കേരള സർക്കാർ. ഏകദേശം 6.71 കോടി രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നത്. ഇതിനായുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചുകൊണ്ട്, പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ ഒക്ടോബർ 16-ന് ഇ-ടെൻഡർ ക്ഷണിച്ചു.
സർക്കാർ വകുപ്പുകളോട് അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ധനവകുപ്പ് തുടർച്ചയായി നിർദ്ദേശം നൽകുന്നതിനിടയിലാണ് ഇത്തരമൊരു വൻകിട ഇടപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഐപാഡുകൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള പരിധി സർക്കാർ അടുത്തിടെ വർധിപ്പിച്ചിരുന്നു. 1.5 ലക്ഷം രൂപയായിരുന്ന ഈ പരിധി 2 ലക്ഷം രൂപയാക്കി ഉയർത്തിയതിന് പിന്നാലെയാണ് കെൽട്രോൺ ടെൻഡർ നടപടികൾ ആരംഭിച്ചത്.




