സിഎംആർഎൽ-എക്സാലോജിക് കേസിന് ഹൈക്കോടതിയുടെ സ്റ്റേ; രാഹുൽ ഗാന്ധിക്ക് ആശ്വാസം – അറിയേണ്ട പ്രധാന വാർത്തകൾ

സിഎംആർഎൽ–എക്സാലോജിക് വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീലിൽ അന്തിമ വാദം കേൾക്കുന്നത് വരെ, സിംഗിൾ ബെഞ്ച് ഉത്തരവും എഫ്ഐആറിനെ അടിസ്ഥാനമാക്കിയുള്ള തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. സുൽത്താൻപുർ പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഇന്നത്തെ പ്രധാന വാർത്തകൾ താഴെ നൽകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തനായി. ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് കേസ് പരിഗണിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ നിരീക്ഷിച്ചു.
നെടുമ്പാശേരി വാഹനാപകടക്കേസിൽ പ്രതികളുടെ നിർണായകമായ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടം നടന്നതിന് തൊട്ടടുത്ത ദിവസം പ്രതികളിലൊരാളായ ജോയൽ തന്റെ സുഹൃത്തിന് അയച്ച ശബ്ദരേഖ പൊലീസ് കോടതിയിൽ തെളിവായി ഹാജരാക്കി. സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നീ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കുമ്പോഴാണ് ഈ ശബ്ദസന്ദേശം സമർപ്പിച്ചത്. പ്രതികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.
നടൻ ടൈഗർ ഷറോഫിന്റെ വാഹനത്തിന് നേരെ വെടിയുതിർത്ത കേസിലെ പ്രതികൾ, ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ടവരാണ്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ വസതികൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് ഇവർ നിരീക്ഷണം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ലക്ഷ്യം സൽമാൻ ഖാൻ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ വീടിന് ശക്തമായ സുരക്ഷ ഉള്ളതുകൊണ്ട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. ഇതേത്തുടർന്നാണ് മറ്റ് താരങ്ങളെ ലക്ഷ്യമിട്ടതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.




