സൈക്കിളിൽ സാധനമെത്തിച്ചു; ബ്ലിങ്കിറ്റ് ഏജന്റിന് അപ്രതീക്ഷിത സമ്മാനവുമായി അനന്ത് അംബാനി

ബൈക്ക് വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൈക്കിളിൽ ഡെലിവറി ജോലികൾ ചെയ്തുവന്ന ബ്ലിങ്കിറ്റ് ഏജന്റിനെ തേടി അപ്രതീക്ഷിതമായി ഒരു സമ്മാനമെത്തി. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയാണ് യുവാവിന് കൈത്താങ്ങായി എത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹുസൈൻ മൻസൂരി പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഡെലിവറി ജോലി പൂർത്തിയാക്കി തിരികെ എത്തുന്ന സുജിത്തിനോട്, തനിക്കായി ഒരു സർപ്രൈസ് കാത്തിരിപ്പുണ്ടെന്ന് ഹുസൈൻ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് സുജിത്തിനെ ഒരു പ്രത്യേക സ്ഥലത്തേക്ക് കൊണ്ടുപോകുകയും, ചുവന്ന തുണികൊണ്ട് മൂടിയ സമ്മാനം കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. തുണി നീക്കം ചെയ്തപ്പോൾ കണ്ടത് ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറായിരുന്നു. അനന്ത് അംബാനിയുടെ വകയായാണ് ഈ സമ്മാനമെന്ന് ഹുസൈൻ വ്യക്തമാക്കിയതോടെ സുജിത്തിന്റെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു നേട്ടം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് വികാരാധീനനായി സുജിത്ത് പറയുന്നു. തന്റെ സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ സുജിത്ത്, അനന്ത് അംബാനിക്കും ഹുസൈനും ആവർത്തിച്ച് നന്ദി അറിയിക്കുകയും ചെയ്തു.
ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അനന്ത് സേവ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സുജിത്തിന് സഹായം ലഭ്യമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ നഗരത്തിൽ ഓൺലൈൻ ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്യുന്ന പ്രവർത്തനം ഈ ഫൗണ്ടേഷൻ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്.




