MANORAMA

പിഎസ്‌സി ചെയർമാനെ പുറത്താക്കുന്നത് ചില്ലറക്കാര്യമല്ല; രാഷ്ട്രപതിക്ക് പോലും നേരിട്ട് നടപടിയെടുക്കാനാകില്ല

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. പല സന്ദർഭങ്ങളിലും ഗവർണറുടെ ശുപാർശയും രാഷ്ട്രപതിയുടെ അന്വേഷണവും കടന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുമ്പോൾ, പിഎസ്‌സിക്ക് അനുകൂലമായ നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ഇത്തരം ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുന്നതിനായി ഭരണഘടനാ നിർമ്മാണ സഭ പ്രത്യേകമായ ഇരട്ട സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഭരണഘടനയുടെ 316-ാം അനുച്ഛേദപ്രകാരം സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അവകാശം ഗവർണർക്കാണെങ്കിലും, അവരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. ഈ അധികാരം പൂർണമായും രാഷ്ട്രപതിയിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. മാത്രമല്ല, മോശം പെരുമാറ്റം എന്ന പേരിൽ ഇവരെ നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് പോലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. 317(1) അനുച്ഛേദം അനുസരിച്ച്, വിഷയം രാഷ്ട്രപതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടണം. കോടതിയുടെ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പുറത്താക്കൽ നടപടി സാധ്യമാകൂ.

പിഎസ്‌സിയെ രാഷ്ട്രീയ പകപോക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നതിൽ സുപ്രീം കോടതി എക്കാലവും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായ ‘റാം ആശ്രയ് യാദവ് – ബിഹാർ പിഎസ്‌സി ചെയർമാൻ’ കേസ് ഇതിൽ വളരെ നിർണ്ണായകമാണ്. ബിഹാർ പിഎസ്‌സി ചെയർമാനായ ഡോ. റാം ആശ്രയ് യാദവിനെതിരെ ക്രമക്കേടുകൾ, ഭരണപരമായ വീഴ്ചകൾ, സ്വജനപക്ഷപാതം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ പുറത്താക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം രാഷ്ട്രപതി വഴി സുപ്രീം കോടതിയിലെത്തി.

ഒരാളുടെ മോശം പെരുമാറ്റം തെളിയിക്കപ്പെടണമെങ്കിൽ അതിൽ കൃത്യമായ ദുരുദ്ദേശ്യപരമായ ലക്ഷ്യങ്ങളോ അഴിമതിയോ നിയമനങ്ങളിലെ അട്ടിമറിയോ ഉണ്ടാവണമെന്ന് കോടതി വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി രേഖകളിൽ ഒപ്പുവെക്കുന്നതോ, ചെറിയ രീതിയിലുള്ള ഭരണപരമായ പിഴവുകളോ ഒരു അംഗത്തെ പുറത്താക്കുന്നതിനുള്ള മതിയായ കാരണങ്ങളല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Source link

Related Articles

Back to top button