എംഎൽഎ ഹോസ്റ്റൽ: വിലാസം മാറിയാലും അനുഭവങ്ങൾക്ക് പഴയ പടി!

തിരുവനന്തപുരം ∙ എംഎൽഎ ഹോസ്റ്റലിലെ ഓരോ ഫ്ലാറ്റ് നമ്പറിനും പിന്നിലുണ്ട് ഓരോ രാഷ്ട്രീയ ചരിത്രം. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സുവർണകാലത്ത് ചർച്ചകൾക്കു വേദിയായ ‘നിള’യിലെ 38–ാം നമ്പർ ഫ്ലാറ്റ്, ഉമ്മൻ ചാണ്ടി അവസാന കാലത്ത് വിശ്രമിച്ച ‘ചന്ദ്രഗിരി’യിലെ 101, ആര്യാടൻ മുഹമ്മദ് ദീർഘനാൾ കഴിഞ്ഞിരുന്നതിനാൽ മകൻ ആര്യാടൻ ഷൗക്കത്ത് പ്രത്യേക അപേക്ഷ നൽകി സ്വന്തമാക്കിയ അതേ ബ്ലോക്കിലെ 204, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാധാരണ എംഎൽഎയായിരുന്ന കാലത്ത് താമസിച്ച ‘നെയ്യാർ’ ബ്ലോക്കിലെ 3 സി, അപ്രതീക്ഷിതമായി മന്ത്രിപദവി തേടിയെത്തിയ പല എംഎൽഎമാരുടെയും ഭാഗ്യനമ്പറുകൾ… ഇങ്ങനെ നീളുന്നു ആ ഓർമകൾ.
ചരിത്രങ്ങൾ അങ്ങനെ തന്നെ നിൽക്കുമ്പോഴും, ആ കഥകളുറങ്ങിയ ഫ്ലാറ്റ് നമ്പറുകൾക്ക് ഇനി മാറ്റം വരികയാണ്. ഇതുവരെ ‘നിള’യിൽ മാത്രമാണ് ‘1’ൽ തുടങ്ങുന്ന ഫ്ലാറ്റ് നമ്പറുകൾ ഉണ്ടായിരുന്നത്. എന്നാൽ പെരിയാറിലും ചന്ദ്രഗിരിയിലും ‘101’ലും നെയ്യാറിൽ ‘1എ’യിലുമായിരുന്നു തുടക്കം. എന്നാൽ, പുതുതായി നിർമിക്കുന്ന പമ്പ ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ എല്ലാ ബ്ലോക്കുകളിലെയും നമ്പറുകൾ ഒരേ ഘടനയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇനിമുതൽ ബ്ലോക്കുകളുടെ ഇംഗ്ലീഷ് ചുരുക്കപ്പേരും പുതിയ നമ്പറുകളുമാകും ഫ്ലാറ്റുകൾക്ക് നൽകുക. അതനുസരിച്ച് പമ്പയിലെ ആദ്യ ഫ്ലാറ്റിന് ‘പിബി 001’ എന്ന് നമ്പർ നൽകും. ഇതേ മാതൃകയിൽ പെരിയാറിൽ ‘പിആർ 001’, നെയ്യാറിൽ ‘എൻവൈ 001’, ചന്ദ്രഗിരിയിൽ ‘സിഎച്ച് 001’, നിളയിൽ ‘എൻഎൽ 001’ എന്നിങ്ങനെയായിരിക്കും പുതിയ നമ്പറുകൾ.
അതോടൊപ്പം മുൻ എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ താമസസൗകര്യം ഒരുക്കാൻ പദ്ധതിയുണ്ട്. പുതിയ പമ്പ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി 15ാം തീയതിക്കകം കൈമാറാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഈ മാസം 26ന് എംഎൽഎമാർക്ക് ഫ്ലാറ്റുകൾ കൈമാറാനാണ് ലക്ഷ്യമിടുന്നത്.
Source link




