എക്സാലോജിക്-സിഎംആർഎൽ കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഇല്ല, വിജിലൻസ് അന്വേഷണത്തിന് വഴിതെളിഞ്ഞു

തിരുവനന്തപുരം∙ എക്സാലോജിക് – സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഉടൻ കേസെടുക്കും. ഒരു നിമിഷം പോലും വൈകാതെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസാണെന്നും വിധിയിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരം ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ 25 പേജുള്ള കത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോന്ന ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇ.ഡിയും നടത്തിയ അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് ജസ്റ്റിസ് എ. ബദറുദീൻ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതിന്റെ നിയമപരമായ ആവശ്യകത എന്താണെന്നും വിധിയിൽ വിശദമാക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിലെ വിവരങ്ങൾ ഇതുവരെ ഔദ്യോഗിക സംവിധാനങ്ങളുടെ കൈവശം മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സിഎംആർഎൽ, എക്സാലോജിക്, വീണാ വിജയൻ എന്നിവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പൂർണ വിവരങ്ങൾ കോടതി ഉത്തരവിന്റെ ഭാഗമായതോടെ ഇതെല്ലാം ഇപ്പോൾ പരസ്യമായിരിക്കുകയാണ്.
2017 മാർച്ച് നാലിന് വീണയ്ക്ക് ഒമ്പതു ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ ഉത്തരവിലുണ്ട്. തുടർന്ന് ആ വർഷം നവംബർ വരെ എല്ലാ മാസവും നാലര ലക്ഷം രൂപ വീതം നൽകി. ഇതിനിടയിൽ മിക്ക മാസങ്ങളിലും 10.80 ലക്ഷം, 16.20 ലക്ഷം, 5.40 ലക്ഷം എന്നിങ്ങനെയും പണം കൈമാറിയിട്ടുണ്ട്. 2020 ജൂൺ വരെയാണ് വീണയ്ക്ക് ഇത്തരത്തിൽ പണം നൽകിയത്. ഇതിനിടയിൽ എക്സാലോജിക് കമ്പനിക്ക് 3.24 ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്.
ഇതിനുപുറമേ, സിഎംആർഎല്ലിന്റെ സഹസ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനിയിൽനിന്ന് എക്സാലോജിക്കിന് രണ്ടുതവണ 25 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇതിനു പുറമെ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും ഹവാല വഴി പണം വിദേശത്തേക്ക് കടത്തിയതിന്റെ വിവരങ്ങളും കോടതി ഉത്തരവിലുണ്ട്. ഇ.ഡി നൽകിയ ഈ രേഖകളെല്ലാം പരിശോധിക്കുമ്പോൾ, കുറ്റാരോപിതർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്ന് കരുതാൻ തക്ക പ്രാഥമിക തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
Source link




