രാജപക്‌സെ കുടുംബത്തിന്റെ ഉരുക്കുവനിത; സൗന്ദര്യറാണിയായി തിളങ്ങി ഒടുവിൽ അഴിയെണ്ണിയ ആഡംബര ജീവിതം

കഴിഞ്ഞദിവസമാണ് ശ്രീലങ്കയിൽനിന്ന് ആ നിർണായക വാർത്ത പുറത്തുവന്നത്. രാജ്യത്തിന്റെ മുൻ പ്രഥമ വനിതയായ 73 കാരിയായ ശിരന്തി രാജപക്സെ അറസ്റ്റിലായിരിക്കുന്നു. തങ്ങൾ നടത്തിവന്ന ഒരു ജീവകാരുണ്യ സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് ഈ നടപടി. ഭർത്താവ് മഹിന്ദ രാജപക്സെയുടെ ഭരണകാലത്ത് രാജ്യത്തെ ഏറ്റവും ശക്തയും പ്രൗഢിയുള്ളതുമായ പ്രഥമ വനിതയായിരുന്നു ശിരന്തി. സിംഹള ജനത അവരെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ജീവിതപങ്കാളിയായിട്ടാണ് കണ്ടിരുന്നത്. ശ്രീലങ്കൻ പൊതുരംഗത്ത് ഏറെ സ്വാധീനശക്തിയുണ്ടായിരുന്ന വ്യക്തിയായിരുന്നു അവർ. ഭരണകാലയളവിൽ ഉടനീളം രാഷ്ട്രീയത്തിലും ഭരണത്തിലും അവർ നിശ്ശബ്ദമായ സ്വാധീനം ചെലുത്തി. ഭർത്താവിനുമേലും മൊത്തത്തിലുള്ള രാജപക്സെ കുടുംബത്തിനുമേലും വ്യക്തമായ ‘സോഫ്റ്റ് പവർ’ അവർക്കുണ്ടായിരുന്നു.
എന്നാൽ, രാജപക്സെയുടെ ഭാര്യയാകുന്നതിന് വളരെ മുൻപ്തന്നെ സൗന്ദര്യമത്സര വേദികളിലൂടെ പ്രശസ്തയായിരുന്നു ശിരന്തി. ഒരു കാലത്ത് അന്താരാഷ്ട്ര സൗന്ദര്യവേദികളിൽ ശ്രീലങ്കയുടെ പ്രതിനിധിയായി അവർ തിളങ്ങി. ശ്രീലങ്കൻ നാവികസേനയിലെ കമാൻഡോർ ഇ.പി. വിക്രമസിംഗെയുടെയും വയലറ്റ് വിക്രമസിംഗെയുടെയും മകളായാണ് ശിരന്തി ജനിച്ചത്. കൊളംബോയിലെ ഹോളി ഫാമിലി കോൺവെന്റിലായിരുന്നു അവരുടെ സ്കൂൾ വിദ്യാഭ്യാസം. പഠനത്തോടൊപ്പം തന്നെ കായികരംഗത്തും അവർ സജീവമായിരുന്നു. നെറ്റ്ബോൾ, ഹോക്കി, ടെന്നിസ് തുടങ്ങിയ വിഭിന്ന കായികയിനങ്ങളിൽ മികച്ച ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ശിരന്തി.
1973-ൽ ‘മിസ് ശ്രീലങ്ക’ കിരീടം ചൂടിയതോടെയാണ് അവർ ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടുന്നത്. തുടർന്ന് പ്രശസ്തമായ മിസ് യൂനിവേഴ്സ്, മിസ് വേൾഡ് മത്സരങ്ങളിലും അവർ ശ്രീലങ്കയെ പ്രതിനിധീകരിച്ച് മാറ്റുരച്ചു. സൗന്ദര്യമത്സര വേദികളിലെ തിളക്കം പിന്നീട് ശിരന്തിക്ക് ചലച്ചിത്ര ലോകത്തുനിന്നും നിരവധി അവസരങ്ങൾ നേടിക്കൊടുത്തു. എങ്കിലും, സിനിമയിലേക്ക് തിരിയുന്നതിന് പകരം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് അവർ മുൻഗണന നൽകിയത്. കുട്ടികളുടെ മനഃശാസ്ത്രത്തിലും പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിലും ഉപരിപഠനം നടത്തിയ അവർ, പിന്നീട് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ‘കാൾട്ടൺ പ്രീ-സ്കൂളുകൾ’ എന്ന ശൃംഖലയുമായി ചേർന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
Source link



