92-ാം വയസ്സിലും മാലാഖയായി ഒരു ഡോക്ടർ; ആയിരങ്ങൾക്ക് പുതുജീവിതം നൽകിയ ആ കൈകൾക്ക് ഇന്നും വിസ്മയക്കരുത്ത്!

തലമുറകളുടെ അമ്മയെന്ന് ആരെങ്കിലും വിശേഷിപ്പിക്കപ്പെടാൻ അർഹയുണ്ടെങ്കിൽ, അതിന് ഏറ്റവും യോഗ്യയാണ് 92 കാരിയായ ഡോ. സൂരി ശ്രീമതി. ആറു പതിറ്റാത്തിലേറെയായി നീളുന്ന തന്റെ വൈദ്യജീവിതത്തിനിടയിൽ ആയിരക്കണക്കിന് കുരുന്നുകളെയാണ് അവർ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തത്. ഹൈദരാബാദിലെ നാല് പ്രമുഖ ആശുപത്രികളിൽ സേവനം ചെയ്യുന്ന അവർ, വൈകുന്നേരങ്ങളിൽ പദ്മറാവുനഗറിലെ സ്വന്തം ക്ലിനിക്കിലും രോഗികളെ പരിശോധിക്കുന്നുണ്ട്. അവിവാഹിതയായ ഡോക്ടർ, താൻ മനപ്പൂർവം കുടുംബജീവിതം വേണ്ടെന്നുവച്ചതല്ലെന്ന് ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്; തന്റെ കരിയറിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് സത്യം. തന്റെ ജോലിയോടുള്ള ആത്മാർത്ഥത മനസ്സിലാക്കാത്ത ഒരാളെ വിവാഹം കഴിച്ചാൽ കരിയർ ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അവർ ആ വഴി ഒഴിവാക്കിയത്. ശ്രീമതിയുടെ കൈകളിൽ ജന്മമെടുത്ത മൂന്നു തലമുറകളിൽപ്പെട്ടവർ ഇന്നും അവരെ തേടിയെത്തുന്നുണ്ട്. ഇതിനേക്കാൾ വലിയൊരു സന്തോഷം വേറെയെന്തുണ്ട്!
1958-ൽ ഒസ്മാനിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേരുമ്പോൾ, പെൺകുട്ടികൾ വൈദ്യശാസ്ത്രം പഠിക്കുന്നതും പോസ്റ്റ്മോർട്ടം പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ സമൂഹത്തിലെ ചിലർ മോശമായി കണ്ടിരുന്ന കാലമായിരുന്നു. ശ്രീമതി മെഡിക്കൽ പഠനത്തിന് ചേർന്നതിന്റെ പേരിൽ കുടുംബത്തിന് കടുത്ത സാമൂഹിക ഒറ്റപ്പെടൽ പോലും നേരിടേണ്ടിവന്നു. എങ്കിലും, അച്ഛനമ്മമാരുടെ കരുത്തുറ്റ പിന്തുണ അവർക്ക് വലിയൊരു ശക്തിയായി മാറി. എന്നാൽ ഏഴു മക്കളുടെ പഠനച്ചെലവ് കണ്ടെത്താൻ ആ മാതാപിതാക്കൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ശ്രീമതിക്ക് പ്രതിമാസം 15 രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചിരുന്നുവെങ്കിലും അതൊന്നും തികയുമായിരുന്നില്ല. തുടർന്ന്, ആകാശവാണിയിൽ റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു കിട്ടുന്ന പണം കൊണ്ടാണ് അവൾ തന്റെ പഠനം മുന്നോട്ടുകൊണ്ടുപോയത്. അങ്ങനെ 1958-ൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ അവർ, 1965 ഒക്ടോബറിൽ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദവും (എം.ഡി) കരസ്ഥമാക്കി.
എം.ബി.ബി.എസ് പഠനത്തിനുശേഷം സംഗറെഡ്ഡി സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. 1959-ലാണത്. പതിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ അവശനിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. എട്ടു മാസം ഗർഭിണിയായ ആ കുട്ടിക്ക് അടിയന്തരമായി സിസേറിയൻ ചെയ്യേണ്ടിയിരുന്നു. എന്നാൽ ആശുപത്രിയിലാകട്ടെ പരിമിതമായ സൗകര്യങ്ങൾ മാത്രം, ഒപ്പം മറ്റ് ഡോക്ടർമാരുടെ സഹായവുമില്ല. ദൂരെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതിയിലുമായിരുന്നില്ല ആ പെൺകുട്ടി. ഒടുവിൽ ധൈര്യം സംഭരിച്ച് ശ്രീമതി തന്നെ ആ പ്രസവം നടത്താൻ തീരുമാനിച്ചു. അനസ്തേഷ്യ മുതൽ ശസ്ത്രക്രിയ വരെ എല്ലാം ഒറ്റയ്ക്കാണ് അവർ ചെയ്തത്. തുടക്കത്തിൽ ഭയന്നുപോയെങ്കിലും, ആ ഒരു അനുഭവമാണ് തന്റെ പിൽക്കാല കരിയറിന് അടിത്തറപാകിയതെന്ന് ഡോക്ടർ പിന്നീട് പലതവണ ഓർത്തെടുത്തിട്ടുണ്ട്.
തന്റെ കൈകളിൽ ജന്മമെടുത്ത കുഞ്ഞുങ്ങൾ പിന്നീട് സ്വന്തം മക്കളുടെയും കൊച്ചുമക്കളുടെയും പ്രസവത്തിനായി ശ്രീമതിയെ തേടിയെത്തിയ സംഭവങ്ങൾ നിരവഡിയുണ്ട്. ഈ തൊഴിൽ നൽകുന്ന ഏറ്റവും വലിയ പുണ്യവും അവിസ്മരണീയ നിമിഷങ്ങളും അതൊക്കെയെന്നാണ് ഡോക്ടർ സ്നേഹത്തോടെ ഓർക്കുന്നത്.
Source link



