MANORAMA

ഒരു നാരകത്തിൽ 50 കിലോ വിളവ്; ഒരേക്കർ നാരകത്തോട്ടത്തിൽ നിന്ന് ദിനേന 5000 രൂപയുടെ ആദായം നൽകി പൊൻനാരകം

വിളക്കുടി ∙ നാരകച്ചെടികളുടെ സുഗന്ധത്തിനൊപ്പം ലാഭക്കൊയ്ത്തിന്റെ ആഹ്ലാദവും നിറഞ്ഞുനില്‍ക്കുകയാണ് ആ വീട്ടില്‍. ഇളമ്പൽ കോട്ടവട്ടം മുക്കിലെ പണിക്കശേരി വീട്ടിലെത്തിയാൽ ആർക്കും ഈ മനോഹര കാഴ്ച കാണാം. വിപണിയിൽ നാരങ്ങയ്ക്ക് നല്ല വിലയുള്ള ഈ കാലത്ത്, ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഈ വീടും തേടിയെത്തുന്നത്. പണിക്കശേരി വീട്ടിൽ രാജൻ മാത്യു കോവിഡ് കാലത്ത് വെറുതെ സമയം കളയാൻ തുടങ്ങിയ നാരങ്ങിക്കൃഷിയാണ് ഇന്ന് അദ്ദേഹത്തിന് പൊന്നുവിളയിക്കുന്നത്. ഒരേക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ നാരകത്തോട്ടത്തിൽ നിന്ന് ദിവസവും അയ്യായിരത്തോളം രൂപയുടെ നാരങ്ങയാണ് രാജൻ മാത്യു വിൽപന നടത്തുന്നത്.

ചെടികളുടെ വളർച്ചയ്ക്കനുസരിച്ച് വിളവും ഇരട്ടിച്ചു. ഇന്ന് പത്തടി ഉയരത്തിൽ പന്തലിച്ചു നിൽക്കുന്ന ഒരു നാരകച്ചെടിയിൽ നിന്ന് മാത്രം വർഷത്തിൽ 50 കിലോഗ്രാം വരെ നാരങ്ങ ലഭിക്കുന്നുണ്ട്. വിളക്കുടി കൃഷി ഓഫിസർ ധന്യയുടെ കൃത്യമായ മാർഗനിർദേശങ്ങളോടെയാണ് ഈ തോട്ടത്തിന്റെ പരിപാലനം. തികച്ചും ജൈവവളങ്ങൾ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഭാര്യ ജയ രാജൻ, മക്കളായ ഡോ. സിറിൽ എം. രാജൻ, അഡ്വ. തവിത രാജൻ, സിറിയക് എം. രാജൻ എന്നിവരെല്ലാം പഠനത്തിന്റെയും ജോലിയുടെയും തിരക്കുകൾക്ക് ശേഷം ഈ തോട്ടത്തിലെ വിശ്രമവേളകൾ ആസ്വദിക്കുന്നവരാണ്. ദിവസവും രാജനൊപ്പം വിളവെടുപ്പിന് സഹായിക്കാനും കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. ചെറിയ നാരങ്ങയ്ക്ക് 20 ഗ്രാം വരെയും വലിയ നാരങ്ങയ്ക്ക് 65 ഗ്രാം വരെയും തൂക്കവുമുണ്ട്. മികച്ച ഇനം നാരകത്തൈകളും ഇവിടെ നിന്നും വിൽപന നടത്തുന്നുണ്ട്.


Source link

Related Articles

Back to top button