KAUMUDI

ബ്ലോക്ക് പ്രസിഡന്റും മെമ്പറും കുളത്തിൽ; ഉദ്ഘാടനം വെെറലാക്കി എം.എൽ.എ

പെരിന്തൽമണ്ണ:കുളം ഉദ്ഘാടനം ചെയ്യുമ്പോൾ ജനപ്രതിനിധികൾ ഇനി നീന്തലും പഠിക്കേണ്ടി വരുമോ? അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്റെ പുനരുദ്ധാരണ ഉദ്ഘാടനം കണ്ടാൽ അങ്ങനെ ചിന്തിച്ചുപോകും.

മഞ്ഞളാംകുഴിഅലി എം.എൽ.എ ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു!. റിബൺ മുറിച്ച് നിർവഹിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. വേഗത്തിൽ കുളത്തിൽ നിന്ന് നീന്തിക്കയറിയ മെമ്പർ ഷബീർ മാഞ്ഞാമ്പ്രയും വെറുതെയിരുന്നില്ല. കുളക്കടവിൽ നിന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയെ കുളത്തിലേക്ക് തള്ളിയിട്ട് ‘മധുരപ്രതികാരം’ വീട്ടി.

ചെയ്തതെല്ലാം എല്ലാവരും സ്‌പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തതോടെ കുളത്തിന്റെ ഉദ്ഘാടനം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറൽ. ജനപ്രതിനിധികളുടെ കുസൃതികളും തമാശകളും നാട്ടുകാരിലും ചിരി പടർത്തി. ജനപ്രതിനിധികളുമായി എപ്പോഴും സഹോദരബന്ധമാണ് ഉള്ളതെന്നും അതിന്റെ ഭാഗമായിരുന്നു ഈ വേറിട്ട അനുഭവമെന്ന് മഞ്ഞളാംകുഴിഅലി എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് കുളം നവീകരിച്ചത്.


Source link

Related Articles

Back to top button