കാടിറങ്ങും ഭീതി: സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ നാട്ടുകാർ

പ്രതീകാത്മക ചിത്രം
വിതുര: വിതുര പഞ്ചായത്തിന്റെ പരിധിയിലുള്ള കല്ലാർ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൾ കല്ലാർ സ്വദേശികളായ ഷിബു, സുരേഷ് എന്നിവരുടെ കൃഷിയിടങ്ങൾ പൂർണമായും നശിപ്പിച്ചു. ഇവർ നട്ടുനനച്ചു വളർത്തിയ വാഴയും മരച്ചീനിയും തകർക്കുകയും കാട്ടുമൃഗങ്ങളെ തടയാൻ സ്ഥാപിച്ചിരുന്ന സോളാർ വേലികൾ അടിച്ചുതകർക്കുകയും ചെയ്തു. സമീപത്തെ മറ്റു കൃഷിയിടങ്ങളിലും സമാനമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ഈ പ്രദേശത്ത് മാസങ്ങളായി കാട്ടാനകളുടെ സാന്നിധ്യം വലിയ ഭീഷണിയായി തുടരുകയാണ്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശം ആയതിനാൽ പെട്ടെന്നുതന്നെ കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. പകൽ വെളിച്ചത്തിൽ പോലും ആനകൾ ഇറങ്ങുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനു പുറമെ കാട്ടുപോത്തുകളുടെ ശല്യവും ഇവിടെ വർധിച്ചിട്ടുണ്ട്. വന്യജീവി ശല്യം കാരണം കൃഷിപ്പണി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. അധികാരികൾക്ക് തുടർച്ചയായി പരാതികൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ആദിവാസി കോളനികളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത ഭീതിയിലാണ് ഇവർ. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോകാനും കഴിയുന്നില്ല. അടുത്തിടെ കല്ലാർ മൊട്ടമൂട്ടിൽ നിന്നും ബൈക്കിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയേയും പിതാവിനേയും വഴിമധ്യേ കാട്ടാന ആക്രമിച്ചത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ഇരുവരും രക്ഷപ്പെട്ടത്. കൂടാതെ വനസംരക്ഷണ സമിതിയുടെ ഓഫീസും ആനകൾ തകർത്തിരുന്നു.
കല്ലാർ-പൊൻമുടി പാതയിലും കാട്ടാനകളുടെ സാന്നിധ്യം സ്ഥിരമായിട്ടുണ്ട്. അതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാട്ടാനശല്യം രൂക്ഷമായ മേഖലകൾ
പൊൻമുടി, ഗോൾഡൻവാലി, മൊട്ടമൂട്, ആറാനക്കുഴി, ചണ്ണനിരവട്ടം, ചാമക്കര, അല്ലത്താര, പനനിന്നമൺപുറം, മരുമാതമ, മക്കി, അടിപറമ്പ്, ചാത്തൻകോട്, ചെമ്മാംകാല, മണിതൂക്കി, പൊടിയക്കാല, കുട്ടപ്പാറ, മാങ്കാല, കല്ലൻകുടി, തലത്തൂതക്കാവ്, മണലി.
Source link




