മെട്രോ സ്റ്റേഷനിൽ ലുലുവിന്റെ മാന്ത്രികസ്പർശം: ചെന്നൈയിൽ ചരിത്രം കുറിച്ച് ആദ്യത്തെ ഹൈപ്പർമാർക്കറ്റ്

ചെന്നൈയിൽ പ്രവർത്തനം തുടങ്ങാനായതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ എം.എ. യൂസഫലി, തമിഴ്നാട് സർക്കാരിന്റെ മികച്ച സഹകരണത്തിന് നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്ത് കൂടുതൽ മുതൽമുടക്കുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുപ്പൂരിൽ പുതിയൊരു മിനി മാൾ സ്ഥാപിക്കാനും ഭക്ഷ്യസംസ്കരണ മേഖലയിൽ യൂണിറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ഗ്രൂപ്പ് സജീവമായി പഠിച്ചുവരികയാണ്.<
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രവർത്തന ശൈലിയെ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പ്രശംസിച്ചു. ലുലു ഗ്രൂപ്പിന്റെ ചെന്നൈ പ്രവേശനം സംസ്ഥാനത്തിന് ഗുണകരമാകുമെന്നും, എം.എ. യൂസഫലിയെപ്പോലെ അനുഭവസമ്പത്തുള്ള സംരംഭകരുടെ നിക്ഷേപങ്ങൾ സാമ്പത്തികരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചെന്നൈ മെട്രോയുമായി സഹകരിച്ച് രണ്ട് വ്യത്യസ്ത മാതൃകയിലുള്ള ഷോപ്പിങ് അനുഭവമാണ് ലുലു ഒരുക്കുന്നത്. ഷെണോയ് നഗറിൽ ലുലു ഹൈപ്പർമാർക്കറ്റും, ചെന്നൈ സെൻട്രലിൽ ലുലു ഡെയ്ലിയുമാണ് പ്രവർത്തനമാരംഭിച്ചത്. മെട്രോ യാത്രക്കാർക്കും പരിസരവാസികൾക്കും ഒരേപോലെ ഗുണകരമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഷെണോയ് നഗറിലെ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷൻ ഹൈപ്പർമാർക്കറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 56,000 ചതുരശ്ര അടി വിസ്താരമുള്ള സൂപ്പർമാർക്കറ്റിനൊപ്പം 50,000 ചതുരശ്ര അടിയിൽ ഡിപ്പാർട്ട്മെന്റ് സ്റ്റോറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ, പഴം-പച്ചക്കറികൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ ഇവിടെ ഒരുകുടക്കീഴിൽ ലഭിക്കും. ആയിരത്തിലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ 35,000 ചതുരശ്ര അടിയിലാണ് ലുലു ഡെയ്ലി സൗകര്യമൊരുക്കിയിരിക്കുന്നത്. ദിവസേനയുള്ള ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ ഈ സംവിധാനം സഹായിക്കും.
ഈ രണ്ട് ഔട്ട്ലെറ്റുകളും എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഉപഭോക്താക്കൾക്കായി തുറന്നു പ്രവർത്തിക്കും.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സിഇഒ എം.എ. നിഷാദ്, ഡയറക്ടർമാരായ വി. നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജിയണൽ ഡയറക്ടർ ഇ.വി. രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Source link




