ബസിലെ ഭയാനകമായ നിമിഷങ്ങൾ; ആ കരച്ചിൽ ഇപ്പോഴും കാതിലുണ്ട്, വിറങ്ങലിച്ചുപോയെന്ന് ദൃക്സാക്ഷികൾ

പാലാ ∙ ഊട്ടി വിനോദയാത്രയ്ക്കിടെ ഉണ്ടായ ഭയാനകമായ അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല ടൂറിസ്റ്റ് ബസ് ഡ്രൈവർ തീക്കോയി സ്വദേശി ജിജോ ജോർജ് (38). പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘവുമായി 23-ന് രാത്രി പത്തിനാണ് ജിജോയും സംഘവും ഊട്ടി–മേട്ടുപ്പാളയം പാതയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ടത്.
മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലിനും, പിന്നാലെ മണ്ണും പാറക്കല്ലുകളും വൻമരങ്ങളും റോഡിലേക്ക് പതിച്ചതിന്റെയും ഭീകരദൃശ്യം ഇപ്പോഴും ജിജോയുടെ മനക്കണ്ണിലുണ്ട്. നാല് ബസുകൾ ഒപ്പമുണ്ടായിരുന്നു. മുൻപിൽ മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബസുകൾ പിന്നിലേക്ക് മാറ്റാൻ ശ്രമിച്ചു. തൊട്ടുമുൻപിലുണ്ടായിരുന്ന തമിഴ്നാട് സർക്കാർ ബസും ഇതേപോലെ പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും, നിമിഷനേരം കൊണ്ട് അതിനു മുകളിലേക്ക് മണ്ണും കല്ലും വീണു. ഘോരമായ മഴയും ഇരുട്ടും നിറഞ്ഞ ആ രാത്രിയിൽ, ആ ബസിനുള്ളിൽ നിന്ന് ഉയർന്നുവന്ന കരച്ചിൽ ഏറെ നേരം കേൾക്കാമായിരുന്നു. വൈദ്യുതി ബന്ധം തകരാറിലായതോടെ ബസിലെ വെളിച്ചം മാത്രമായിരുന്നു ഏക ആശ്രയം. എന്നാൽ പേമാരിയിൽ അതുകൊണ്ടും വലിയ പ്രയോജനമുണ്ടായില്ല.
ബസ് പിന്നിലേക്ക് മാറ്റി നിമിഷങ്ങൾക്കുള്ളിൽ തന്നെ പുറകിലും മണ്ണിടിഞ്ഞു വീണതോടെ സാഹചര്യം കൂടുതൽ സങ്കീർണമായി. 12 വർഷത്തെ ഡ്രൈവിങ് ജീവിതത്തിൽ പല പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ടെങ്കിലും, ഇത്തവണത്തെ അനുഭവം ഒരു അഗ്നിപർവതത്തിന് മുകളിൽ അകപ്പെട്ടതുപോലെയായിരുന്നുവെന്ന് ജിജോ പറയുന്നു. ഭയത്താൽ വിറച്ചുപോയ നിമിഷങ്ങളായിരുന്നു അത്. ഇടയ്ക്കിടെ കല്ലുകൾ ബസുകളിൽ വന്ന് ഇടിച്ചുകൊണ്ടിരുന്നു. മുട്ടൊപ്പം ഉയരത്തിൽ വെള്ളം റോഡിലൂടെ ഒഴുകിത്തുടങ്ങി. 24-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മഴയ്ക്ക് അല്പം ശമനമുണ്ടായത്.
ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തിന് തൊട്ടുപിന്നിൽ പൊലീസ് എയ്ഡ് പോസ്റ്റും അവിടെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നെങ്കിലും, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതോടെ അവർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 11 മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ പിറ്റേന്ന് രാവിലെ 9.30-നാണ് വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. 25-ന് ഉച്ചയോടെയാണ് വിനോദയാത്ര സംഘം ഊട്ടി വഴി മടക്കയാത്ര ആരംഭിച്ചത്. 26-ന് പുലർച്ചെ ഒരു മണിയോടെ സംഘം പാലായിൽ തിരികെയെത്തി. ദൈവാധീനം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് റിയ ഹോളിഡെയ്സ് ഡ്രൈവറായ ജിജോ ജോർജ് പറഞ്ഞു.
എത്സ ബസ് ബിനീഷും, ഗ്യാങ്സ്റ്റർ ബസ് നിതിൻ, സനു എന്നിവരും നോഹ ബസ് ബിൻസ്, സനൽ എന്നിവരുമായിരുന്നു മറ്റു ബസുകൾ നിയന്ത്രിച്ചിരുന്നത്.




