MANORAMA

30 അടി താഴ്ചയിൽ വീണ യുവാവ്; മുണ്ട് കെട്ടി ഉയർത്തി അത്ഭുത രക്ഷപ്പെടുത്തലുമായി മൂവർ സംഘം

കോട്ടയം ∙ കഴിഞ്ഞയാഴ്ച അടിമാലിയിലുണ്ടായ ദാരുണമായ അപകടത്തിൽ സമയോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയ പാറമ്പുഴ ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥരായ പി.എസ്. ബിനോയ്മോൻ, സി.പി. യദുകൃഷ്ണൻ, അനൂപ മാത്യൂസ് എന്നിവരെ പൊലീസ് പ്രത്യേകം അഭിനന്ദിച്ചു. ഈ മാസം 19-ന് കൊച്ചി – മധുര ദേശീയപാതയിൽ അടിമാലി വാളറ മൂന്നുകലുങ്കിന് സമീപമായിരുന്നു അപകടം നടന്നത്.

യാത്രയ്ക്കിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. മുപ്പതടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് ബൈക്കും യാത്രക്കാരും പതിച്ചത്. അപകടത്തിൽ പറവൂർ സ്വദേശി ആദിത്യൻ (21) സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പറവൂർ സ്വദേശി ഭഗത് കൃഷ്ണയെ (21) അതിസാഹസികമായാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ഭഗത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉദ്യോഗസ്ഥരുടെ മാതൃകാപരമായ സേവനത്തെക്കുറിച്ച് അറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഇവരെ നേരിട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു. ഹൈറേഞ്ച് സർക്കിളിലെ സിലക്‌ഷൻ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറാണ് ബിനോയ്മോൻ. യദുകൃഷ്ണൻ ജിഐഎസ് വിദഗ്ധനായും, അനൂപ കൺസർവേഷൻ ബയോളജിസ്റ്റായുമാണ് സേവനം അനുഷ്ഠിക്കുന്നത്.

Source link

Related Articles

Back to top button