‘വിശാഖ് എന്റെ കസിൻ, അവനൊപ്പം റൊമാൻസ് ചെയ്യുന്നത് അത്ര എളുപ്പമല്ലായിരുന്നു’: കീർത്തി സുരേഷ്

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കീർത്തി സുരേഷ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ കീർത്തിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്റെ ‘അക്ക’യിലൂടെ വെബ്സീരീസിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം. അക്കയുടെ പ്രമോഷൻ അഭിമുഖത്തിലെ കീർത്തി സുരേഷിന്റെ വെളിപ്പെടുത്തലാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സഹതാരം വിശാഖ് നായരും താനും കസിൻസാണെന്നാണ് സഹപ്രവർത്തകയായ രാധിക ആപ്തെയുമായുള്ള അഭിമുഖത്തിനിടെ കീർത്തി തമാശയോടെ വെളിപ്പെടുത്തിയത്. കസിനായതുകൊണ്ട് തന്നെ വിശാഖിനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും താരം തുറന്നുപറഞ്ഞു.
സ്ക്രിപ്റ്റ് വായിക്കാനെത്തിയപ്പോൾ വിശാഖാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഈ കാര്യം തന്നോട് പറയാതിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് തനിക്ക് അപ്പോൾ തോന്നിയതെന്നും കീർത്തി കൂട്ടിച്ചേർത്തു. ‘ഒരു രസകരമായ കാര്യം എന്തെന്നാൽ വിശാഖും ഞാനും കസിൻസാണ്, സെക്കൻഡ് കസിൻസ്. അതുകൊണ്ട് അവനോടൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല,’- താരം പറഞ്ഞു.
വൈആർഎഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ധർമരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ വെബ് സീരീയാണ് ‘അക്ക’. 1980-കളുടെ പശ്ചാത്തലത്തിൽ ‘പെർണുരു’ എന്ന സാങ്കൽപ്പിക ദക്ഷിണേന്ത്യൻ ഗ്രാമത്തിലെ സ്വർണക്കടത്തും അധോലോകവും ഭരണവും പ്രമേയമാകുന്ന സീരീസിൽ ‘ഭവാനി’ എന്ന ശക്തമായ കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ഭവാനിയുടെ സാമ്രാജ്യം തകർക്കാൻ എത്തുന്ന ‘രുദ്ര’യായി രാധിക ആപ്തെയും എത്തുന്നു. വെബ് സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
English Summary
Actress Keerthy Suresh, making her web series debut in Netflix’s ‘Akka’, revealed that co-star Vishak Nair is her second cousin. She admitted finding it challenging to film romantic scenes with a family member. The crime thriller, directed by Dharamaraj Shetty and also starring Radhika Apte, is set in the 1980s and will begin streaming on Netflix from October 30.
RELATED TOPICS: KEERTHI SURESH, VISHAKH NAIR, KEERTHI SURESH VISHAKH COUSIN, AKKA NETFLIX SERIES, CINEMANEWS



