MANORAMA
പുഴമീനുകൾ ചത്തൊടുങ്ങി; കന്തലിലും ആശങ്ക, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ജലജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. കരിമീൻ, കണമ്പ്, കൂരി, കോര തുടങ്ങിയ മത്സ്യങ്ങളാണ് കനൽക്കരയിൽ അടിഞ്ഞുകൂടി കിടക്കുന്നത്. ചീഞ്ഞളിയുന്ന മീനുകളിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം കാരണം സമീപവാസികൾ കടുത്ത ആരോഗ്യപ്രശ്നങ്ങളുടെ ഭീതിയിലാണ്. എത്രയും പെട്ടെന്ന് തദ്ദേശഭരണകൂടം ഇടപെട്ട് ചത്ത മീനുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് തന്നെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ശ്രദ്ധയിൽപെട്ടിരുന്നു. ഇതിൽ ചിലർ ഈ മീനുകൾ ശേഖരിച്ച് വിൽപന നടത്തിയതായും വിവരമുണ്ട്.



