MANORAMA

ശബരിമല അരവണ ശർക്കരയിലെ ഹലാൽ മുദ്ര: ഹൈക്കോടതി ഹർജി തീർപ്പാക്കി

കൊച്ചി ∙ ശബരിമലയിൽ അരവണ, അപ്പം എന്നിവയുടെ നിർമ്മാണത്തിനായി എത്തിച്ച ശർക്കരപ്പാക്കറ്റിൽ ‘ഹലാൽ’ മുദ്ര പതിപ്പിച്ചിരുന്നതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്കും ആവശ്യങ്ങൾക്കും പൂർണ്ണമായും ഇണങ്ങുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഇനി മുതൽ ഇ-ടെൻഡർ രേഖകളിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. 2019-21 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പമ്പയിലെ പരിശോധനാ കേന്ദ്രം ഉൾപ്പെടെയുള്ളിടങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഈ ശർക്കര ഉയർന്ന ഗുണനിലവാരമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യം കോടതി പ്രത്യേകം പരിഗണിച്ചു. അറബ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മഹാരാഷ്ട്ര ആസ്ഥാനമായുള്ള വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഹലാൽ മുദ്രയുള്ള ശർക്കര ഇവിടെ വിതരണം ചെയ്തത്. കയറ്റുമതിയുടെ ആവശ്യങ്ങൾക്കായിട്ടാണ് അവർ ഹലാൽ സർട്ടിഫിക്കേഷൻ നേടിയിരുന്നത്.


Source link

Related Articles

Back to top button