MANORAMA
ഗോവയിൽ നിന്ന് തീവണ്ടി വഴി മദ്യക്കടത്ത്; ഗാന്ധിജയന്തി ദിനത്തിൽ ടിടിഇ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ചാത്തന്നൂർ ∙ ഗാന്ധിജയന്തി ദിനത്തിൽ ഗോവയിൽ നിന്നും ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന മദ്യം ചാത്തന്നൂരിൽ വെച്ചു കൈമാറുന്നതിനിടെ ഒരു ടിടിഇ അടക്കം മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്നും 53.25 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ ടിടിഇയും ചാത്തന്നൂർ കാരംകോട് പൂന്തോട്ടത്തിൽ വീട്ടിൽ ബി.എസ്. കണ്ണൻ (40), സുഹൃത്തുക്കളായ കണ്ണേറ്റ ശ്യാം നിവാസിൽ ശ്യാം (43), ചാത്തന്നൂർ വയലിക്കട സനിൽ നിവാസിൽ സനിൽ (51) എന്നിവരാണ് അറസ്റ്റിലായത്. ഗോവയിൽ നിന്നും വളരെ കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങി കേരളത്തിലെത്തിച്ച്, ഉയർന്ന വിലയ്ക്ക് ആവശ്യക്കാർക്ക് മറിച്ചു വിൽക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയിൽവേയിൽ ജോലി ചെയ്യുന്നതിനിടയിലാണ് കണ്ണന് ഗോവയിലെ മദ്യക്കച്ചവടക്കാരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചത്. തുടർന്ന് ഗോവയിലേക്ക് 20,000 രൂപ ഓൺലൈൻ വഴി അയച്ചുകൊടുത്ത ശേഷം, ട്രെയിൻ വഴി മദ്യം കടത്തിക്കൊണ്ടുവരാനായി ശ്യാമിനെ ഗോവയിലേക്ക് അയക്കുകയായിരുന്നു. ശ്യാം മദ്യവുമായി മടങ്ങി കൊച്ചിയിലെത്തിയപ്പോൾ കണ്ണൻ അവിടെയെത്തി ഒപ്പം കൂടി യാത്ര ചെയ്യുകയായിരുന്നുവെന്നും എക്സൈസ് അധികൃതർ അറിയിച്ചു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എമേഴ്സൻ ലാസർ, നഹാസ്, ബിജോയ്, അരുൺ ലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഇജാസ്, അനീഷ്, ശ്യാം, ഗിരീഷ്, സഫർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫിസ് ഡ്രൈവർ അഷിഖ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയത്.
Source link
Source link



