KAUMUDI

എൽപിഎസ്‌ടി ഉദ്യോഗാർത്ഥികളുടെ പോരാട്ടം കടുക്കുന്നു; തല മുണ്ഡനം ചെയ്തും നിരാഹാരം അനുഷ്ഠിച്ചും സമരമുഖത്ത്

വളർമതി

തിരുവനന്തപുരം: കേരള പിഎസ്‌സി എൽപിഎസ്ടി റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ നടത്തിയ സമരം പുതിയ തലത്തിലേക്ക്. സമരത്തിന്റെ 113-ാം നാളിൽ തിരുവനന്തപുരത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കിയ ഉദ്യോഗാർത്ഥികൾ തല മുണ്ഡനം ചെയ്താണ് സർക്കാരിനെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. സമരസമിതി കൺവീനറായ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് വളർമതി മുന്നറിയിപ്പ് നൽകി.

നേരത്തെ തന്നെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർശനമായ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള അനുകൂല സമീപനവുമില്ലാത്തതിനാലാണ് ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അടിയന്തരമായി നിയമനം നൽകുക, വിദ്യാർത്ഥി-അധ്യാപക അനുപാതം 1:25 എന്ന രീതിയിൽ പുനർനിർണ്ണയിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊണ്ട് അഴിമതിയും കോഴ നിയമനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ.


Source link

Related Articles

Back to top button