ബാക്കിയുള്ള ദൗത്യം ഞങ്ങൾ പൂർത്തിയാക്കണം, ബിബിക്ക് വോട്ട് ചെയ്യൂ; നെതന്യാഹുവിന് വീണ്ടും ഉറച്ച പിന്തുണയുമായി ട്രംപ്

സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് നെതന്യാഹുവിനെ ട്രംപ് ‘മികച്ച പോരാളിയായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചത്. ഇറാനെതിരായ സംയുക്ത സൈനിക നീക്കങ്ങളിൽ നെതന്യാഹു വഹിച്ച പങ്കിനെയും ട്രംപ് പ്രശംസിച്ചു. ഈ നീക്കങ്ങൾ ഇറാന്റെ സൈനിക ശേഷിക്ക് വലിയ ആഘാതമേൽപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുവരും ചേർന്ന് ആരംഭിച്ച ഇറാനെതിരായ പോരാട്ടം പൂർത്തിയാക്കാൻ നെതന്യാഹുവിന് ഒരവസരം കൂടി നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നെതന്യാഹുവിനെ ‘ബിബി’ എന്ന ഓമനപ്പേര് ചേർത്ത് പരാമർശിച്ചായിരുന്നു ട്രംപിന്റെ കുറിപ്പ്. “ഇന്ന് ഇറാന് നാവികസേനയോ വ്യോമസേനയോ ഇല്ല. അവരുടെ സൈന്യവും സമ്പദ്വ്യവസ്ഥയും പൂർണമായും തകർന്നടിഞ്ഞു. അവിടെ പണപ്പെരുപ്പം 301 ശതമാനത്തിലെത്തി നിൽക്കുകയാണ്. നാവിക ഉപരോധം മൂലം എണ്ണ വിൽക്കാനോ വാങ്ങാനോ അവർക്ക് കഴിയുന്നില്ല. അവരുടെ സൈനിക-ഭരണ തലങ്ങളിലെ ഉന്നത നേതൃത്വം ഒന്നടങ്കം ഇല്ലാതാക്കപ്പെട്ടു. നിങ്ങൾ വോട്ടവകാശം വിനിയോഗിക്കാൻ പോകുമ്പോൾ, ബിബി എക്കാലവും തികഞ്ഞൊരു ‘പോരാളിയായ പ്രധാനമന്ത്രി’യായിരുന്നു എന്ന കാര്യം ദയവായി ഓർക്കുക! ക്രൂരന്മാരായ ചില ദുഷ്ടശക്തികൾ ഇസ്രയേലിനെ ‘ചെറിയ സാത്താൻ’ എന്നും അമേരിക്കയെ ‘വലിയ സാത്താൻ’ എന്നുമാണ് വിളിച്ചിരുന്നത്. ‘അമേരിക്ക തുലയട്ടെ, ഇസ്രായേൽ തുലയട്ടെ’ എന്ന മുദ്രാവാക്യം ഇനി ലോകത്തെവിടെയും മുഴങ്ങിക്കേൾക്കില്ല, ഇനി ഉയരാനും പോകുന്നില്ല. ബിബി നെതന്യാഹുവിനെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക; തുടങ്ങിവച്ച ദൗത്യം ഞങ്ങൾക്ക് പൂർത്തിയാക്കേണ്ടതുണ്ട്” – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഏതാനും ദിവസം മുൻപും നെതന്യാഹുവിനെ പിന്തുണച്ച് ട്രംപ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.




