നേപ്പാളി ബാലന് തുണയായി സി.കെ.ശശീന്ദ്രനും മമ്മൂട്ടിയും; അതിർത്തികൾക്കപ്പുറം സ്നേഹസ്പർശം

കൊച്ചി∙ കൽപറ്റ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ സാധാരണയായി ചെരുപ്പിടാറില്ല. മണ്ണിലുറച്ചു ചവിട്ടിനടക്കുന്നതുകൊണ്ടുതന്നെ മനുഷ്യന്റെ മനസ്സിന്റെ നനവും പൊള്ളലുമൊക്കെ അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ, തന്റെ വീട്ടിലെ കാലിത്തൊഴുത്തിനരികിൽ ശ്വാസം കിട്ടാതെ കിതച്ചുനിന്ന ആ നേപ്പാളി ബാലനിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയെത്താൻ ഏറെ സമയം വേണ്ടിവന്നില്ല. ബിക്രം എന്നുപേരുള്ള ആ കൊച്ചുകുട്ടിയുടെ കൈയുംപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങിയത് സിനിമാതാരം മമ്മൂട്ടിയിലേക്കും അവിടെനിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമായിരുന്നു.
വയനാട്ടിലുള്ള ശശീന്ദ്രന്റെ ഫാമിൽ നിന്നാണ് ഈ ഹൃദ്യമായ കഥയുടെ തുടക്കം. കുട്ടിയുടെ അച്ഛനായ ദല്ലോ സൗദിക്കൊപ്പം മൂന്നുവർഷം മുൻപാണ് ബിക്രവും കുടുംബവും വയനാട്ടിലെത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു ദല്ലോയ്ക്ക് ആദ്യം ജോലിയുണ്ടായിരുന്നത്. അങ്ങനെ കുടുംബത്തിന്റെ വിശേഷങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ.ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത്. നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നെങ്കിലും കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സിൽവച്ച് ബിക്രമിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും സങ്കടം തിരിച്ചറിഞ്ഞ ശശീന്ദ്രൻ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിൽ ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’ എന്ന ജന്മനാ ഉള്ള ഹൃദയവൈകല്യവും ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകി രോഗാവസ്ഥ തൽക്കാലത്തേക്ക് നിയന്ത്രിച്ചെങ്കിലും അതൊന്നും പൂർണ പരിഹാരമായിരുന്നില്ല. ഇതിനിടയിൽ കുട്ടിയുടെ ശ്വാസംമുട്ടൽ വീണ്ടും വഷളായി. നിസ്സഹായാവസ്ഥയിലായ പിതാവ് ദല്ലോ സഹായം അഭ്യർത്ഥിച്ച് സി.കെ. ശശീന്ദ്രനെ ഫോണിൽ വിളിക്കുകയായിരുന്നു.
വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ ‘കെയർ ആന്റ് ഷെയറിനെക്കുറിച്ചറിഞ്ഞ’ ശശീന്ദ്രൻ ഉടൻതന്നെ മമ്മൂട്ടിയുമായി സംസാരിച്ചു. വിവരമറിഞ്ഞയുടൻ ശശീന്ദ്രനെ തിരിച്ചുവിളിക്കാനും കുട്ടിയുടെ ചികിത്സാച്ചെലവ് മുഴുവൻ സൗജന്യമായി ഏറ്റെടുക്കാനും മമ്മൂട്ടി കെയർ ആന്റ് ഷെയർ ഭാരവാഹികൾക്ക് കർശന നിർദേശം നൽകി. അങ്ങനെയാണ് ആലുവ രാജഗിരി ആശുപത്രിയിൽ ബിക്രമിനുവേണ്ടിയുള്ള വിദഗ്ധ ചികിത്സാ ക്രമീകരണങ്ങൾ ഒരുക്കപ്പെട്ടത്.
ആശുപത്രിയിലെത്തിയ ബിക്രമും അച്ഛനും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെയാണ് ആദ്യം കണ്ടത്. എന്നാൽ, കുട്ടിയുടെ ശ്വാസകോശ ധമനിയിലുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദം ശസ്ത്രക്രിയയ്ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ കത്തീറ്റർ കടത്തിയുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ധമനിയിലെ സുഷിരം സുരക്ഷിതമായി അടയ്ക്കുകയായിരുന്നു. ഈ സങ്കീർണ്ണമായ ചികിത്സാ സംഘത്തിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടന്റ് ഡോ. ബിജിന ഭരതൻ കെ എന്നിവരും പങ്കാളികളായി.
Source link



