KAUMUDI

മകൾക്ക് അന്ത്യകർമ്മം ചെയ്യാൻ പോലും ഇടം നൽകിയില്ല; സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണം: കുടുംബത്തിന്റെ ആരോപണം

ദേവികയുടെ അച്ഛൻ

കൽപ്പറ്റ: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് ദേവിക മരിച്ച സംഭവത്തിൽ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് സന്തോഷ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന പെൺകുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. ഇതൊരു വെറും വാഹനാപകടമായി കാണാൻ കഴിയില്ലെന്നും, മനഃപൂർവം വാഹനം ഇടിച്ചു കയറ്റിയതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘നല്ലൊരു ജോലി നേടി മികച്ചൊരു ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്ന മൂന്ന് യുവതീയുവാക്കളാണ് പൊലിഞ്ഞുപോയത്. ഞങ്ങളുടെ വീടിന്റെ വെളിച്ചമായിരുന്നു ദേവിക. വായ്പയെടുത്തും കൈവശമുണ്ടായിരുന്ന ഭൂമി വിറ്റുമാണ് അവളെ ഞങ്ങൾ പഠിപ്പിച്ചത്. ഒടുവിൽ മകളുടെ സംസ്കാര ചടങ്ങുകൾ നടത്താൻ പോലും സ്വന്തമായി ഒരിടമില്ലാത്ത അവസ്ഥയാണ്. ഒടുവിൽ തറവാട്ടു വീട്ടിലാണ് ആ ചടങ്ങുകൾ നടത്തേണ്ടി വന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഗൾഫിലേക്ക് ജോലിക്കായി പോകാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു അവൾ. കുടുംബത്തിന്റെ മുഴുവൻ ഭാരവും താങ്ങിയിരുന്നത് അവളായിരുന്നു. ജീവൻ നഷ്ടപ്പെട്ട മറ്റു കുട്ടികളുടെ സ്ഥിതിയും അതുതന്നെയായിരുന്നു. മറ്റൊരാൾക്കും ഇനി ഈ ദുർഗതി ഉണ്ടാകരുതേ എന്നാണ് പ്രാർത്ഥന.

സുഹൈലിനെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണം. അത്രയും ഭീകരമായ വേഗതയിലാണ് അവൻ വാഹനംോടിച്ചുവന്നത്. കേസ് ഒതുക്കിത്തീർക്കാൻ തന്റെ പിതാവ് ഇടപെടും എന്ന് വെല്ലുവിളിച്ചുകൊണ്ടുള്ള അവന്റെ ധാർഷ്ട്യം എല്ലാവരും നേരിട്ട് കണ്ടതാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. കേസിൽ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ആഭ്യന്തരമന്ത്രിയും ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്ന മിടുക്കിയായിരുന്നു ദേവിക. ബി.ബി.എ ഏവിയേഷൻ കോഴ്സ് മികച്ച വിജയത്തോടെയാണ് അവൾ പൂർത്തിയാക്കിയത്. ഞങ്ങളുടെ വലിയൊരു പ്രതീക്ഷയായിരുന്നു തകർന്നുപോയത്. നഷ്ടപ്പെട്ട എന്റെ കുഞ്ഞിനെ ഇനി തിരികെ ലഭിക്കില്ലെങ്കിലും, ഇത് കേവലം ഒരു അശ്രദ്ധകൊണ്ടുള്ള അപകടമായി ഞങ്ങൾക്ക് തോന്നുന്നില്ല. ആസൂത്രിതമായി ഇടിച്ചു വീഴ്ത്തിയതുപോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്’ – സന്തോഷ് കൂട്ടിച്ചേർത്തു.

                        English Summary

                            Devika’s father, Santhosh, has demanded murder charges against Suhail Sajeev, who was driving the Mini Cooper involved in the Nedumbassery accident that killed three young people. He alleges that the car was driven at excessive speed and suspects the collision may have been intentional. Devika was her family’s main support and had planned to work in the Gulf. Police are investigating the case.                            
                    RELATED TOPICS: NEDUMBASSERY ACCIDENT NEWS, DEVIKA DEATH CASE, SUHAIL SAJEEV MINI COOPER, KERALA ACCIDENT NEWS, NEDUMBASSERY APAKADAM DEVIKA

Source link

Related Articles

Back to top button