KAUMUDI

ബ്രഹ്മദത്തന്റെ ഓർമ്മകളിൽ സുരേഷ് ഗോപി; പല്ലാട്ട് തറവാട്ടിൽ കൊമ്പുകൾ വിളക്കുവച്ച് സംരക്ഷിക്കുമെന്ന് ഉറപ്പ്

സുരേഷ് ഗോപി ബ്രഹ്മദത്തന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ചു

കോട്ടയം: മിന്നലേറ്റു മരിച്ച പ്രമുഖ ആനയായ പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിച്ച് കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി രംഗത്ത്. പല്ലാട്ട് തറവാട് സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം ബ്രഹ്മദത്തൻ അന്ത്യം കൊണ്ട സ്ഥലത്ത് പുഷ്പാർച്ചന അർപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തൊട്ടുമുൻപ് പല്ലാട്ട് കുടുംബവീട്ടിൽ എത്തിയപ്പോൾ മനസ്സിന് വല്ലാത്ത ഭാരമായിരുന്നു. നാടിന്റെയും പൂരപ്പറമ്പുകളുടെയും മനോഹാരിതയായിരുന്ന, കുടുംബത്തിലെ ഒരംഗത്തെപ്പോലെ ഏവരും നെഞ്ചേറ്റിയ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ വിയോഗം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ്.

സ്വന്തം പുത്രനെപ്പോലെ ബ്രഹ്മദത്തനെ സ്നേഹിച്ചു വളർത്തിയ കമലമ്മയെന്ന അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും നേരിൽക്കണ്ട് സാന്ത്വനം പകർന്നു. ജീവനുതുല്യം സ്നേഹിച്ച ആനയുടെ വേർപാടിൽ കണ്ണീരൊഴുക്കുന്ന പാപ്പാൻമാരുടെ മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിന്നുപോയി. അവൻ തണൽവിരിച്ച ഇടത്തും ഇപ്പോൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലും പൂക്കൾ അർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ നെഞ്ചുനുറുങ്ങുന്ന വേദനയായിരുന്നു.

നാടിന്റെ ഭാഗ്യമായി, ഈശ്വരന്റെ തിടമ്പേറ്റി നിന്ന ഇത്തരം ഗജശ്രേഷ്ഠന്മാരുടെ വിയോഗം അറിയിക്കാൻ ‘ചരിഞ്ഞു’ എന്ന പദം ഉപയോഗിക്കുന്നത് മനസ്സ് അംഗീകരിക്കുന്നില്ല. ആ ജീവിയോട് കാണിക്കേണ്ട ആദരവ് ആ വാക്കിൽ പ്രകടമാകുന്നില്ല. ‘ചരിഞ്ഞു’ എന്നതിന് പകരം ഈശ്വരസേവ ചെയ്ത് മടങ്ങിയവർക്ക് യോജിച്ച ‘വിഘ്നേശ്വര പാദം പൂകി’, ‘വിഷ്ണുപാദം പൂകി’ തുടങ്ങിയ പവിത്രമായ ശൈലികളിലേക്ക് നമ്മുടെ ഭാഷയും സംസ്ാരവും മാറേണ്ടിയിരിക്കുന്നു.

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമപരമായ മാർഗ്ഗങ്ങളിലൂടെ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും, അവ കിട്ടിക്കഴിഞ്ഞാൽ തറവാട്ടിൽ ആചാരപ്രകാരം സൂക്ഷിക്കണമെന്നും കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈശ്വരന്റെ തിടമ്പേറ്റി പുണ്യം നേടിയ പ്രിയപ്പെട്ട പല്ലാട്ട് ബ്രഹ്മദത്തന് ആ വിഘ്നേശ്വരന്റെചരണങ്ങളിൽ മോക്ഷപ്രാപ്തി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു… ആദരാഞ്ജലികൾ.

RELATED TOPICS: SURESH GOPI, PALLATTU BRAHMADATHAN, ELEPHANT DEATH, KERALA NEWS, LIGHTNING STRIKE


Source link

Related Articles

Back to top button