രണ്ടു ഭാഗങ്ങളായി കിംഗ്, തീപാറുന്ന റിംഗ് ഫൈറ്റുമായി ഷാരൂഖ് – സുഹാന


ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും 100ലധികം സംഘങ്ങളുമായി ചേരുന്ന റിംഗ് ഫൈറ്റ് കിംഗ് എന്ന ചിത്രത്തിൽ ഒരുങ്ങുന്നു. തിയേറ്ററുകളെ അച്ഛനും മകളും ഇളക്കിമറിക്കാൻ പോകുന്നതായിരിക്കും ഈ റിംഗ് ഫൈറ്റ്.
വ്യത്യസ്തമായ റിംഗ് ഫൈറ്റ് കിംഗിന്റെ ഹൈലൈറ്റായിരിക്കും. ഷാരൂഖ് ഖാന്റെ ഐകോണിക് ഗാനമായ ‘ബാദ്ഷ ഓ ബാദ്‌ഷ” കിംഗിൽ ഉൾപ്പെടുത്താൻ നീക്കം ഉണ്ടെന്ന് അറിയുന്നു. ആരാധകരെ ത്രസിപ്പിക്കാൻ ഷാരൂഖ് ഖാനും കരീന കപൂറും ഒരുമിക്കുന്ന ‘പാർട്ടി ഗാനം” ഒരുങ്ങുന്നുണ്ട്. പത്താനുശേഷം ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും ഒരുമിക്കുന്ന കിംഗ് ആക്ഷൻ ത്രില്ലർ ആണ്. രണ്ടു ഭാഗങ്ങളായാണ് കിംഗിന്റെ റിലീസ്. സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടി ആണ് കിംഗ്. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, രാഘവ് ജുയൽ, ജാക്കി ഷ്രോഫ്, അഭയ് വർമ്മ, അർഷാദ് വർദ്ധി തുടങ്ങി നീണ്ട താരനിരയുണ്ട്.
സിദ്ധാർത്ഥ് ആനന്ദും സുജയ് ഘോഷും, സുരേഷ് നായരും സാഗർ പാണ്ഡ്യയും ചേർന്നാണ് തിരക്കഥ. അബ്ബാസ് ടയവർവാല ആണ് സംഭാഷണം. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ഡിസംബർ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ്.




