MANORAMA

യുഎൻ രക്ഷാസമിതിയിലെ വീറ്റോ അധികാരം: സ്ഥിരാംഗങ്ങൾക്ക് തുല്യ അവകാശം വേണമെന്ന് ഇന്ത്യ

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ അടിമുടി മാറ്റങ്ങൾ അനിവാര്യമാണെന്ന ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. സമിതിയിലെ മുഴുവൻ അംഗങ്ങൾക്കും വീറ്റോ അധികാരം ലഭ്യമാക്കണമെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആവശ്യപ്പെട്ടു.

‘‘രക്ഷാസമിതിയുടെ ഘടന, അംഗങ്ങളുടെ എണ്ണം, പ്രാദേശിക പ്രാതിനിധ്യം, പ്രവർത്തന ശൈലി എന്നിവയിൽനിന്ന് വീറ്റോ അധികാരത്തെ വേർപെടുത്തി ചിന്തിക്കാനാവില്ല. ഈ അഞ്ച് മേഖലകളിലും സമൂലമായ അഴിച്ചുപണികൾ അനിവാര്യമാണ്,’’ ഹരീഷ് വ്യക്തമാക്കി. നിലവിൽ അമേരിക്ക, യുകെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ സ്ഥിരാംഗങ്ങൾക്ക് മാത്രമാണ് വീറ്റോ അധികാരം കൈവശമുള്ളത്. ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഈ അധികാരം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നത് ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

‘‘വീറ്റോ പ്രയോഗത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് വലിയൊരു നിരാശയാണ് സമ്മാനിക്കുന്നത്. യുഎന്നിന്റെ ചരിത്രത്തിൽ ഇതുവരെ 200 പ്രമേയങ്ങളിലായി 331 തവണ വീറ്റോ അധികാരം വിനിയോഗിക്കപ്പെട്ടു. കഴിഞ്ഞ 35 വർഷത്തിനിടെ സ്ഥിരാംഗങ്ങളിൽ രണ്ട് രാജ്യങ്ങൾ വീറ്റോ ഉപയോഗിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാഗം വീറ്റോ പ്രയോഗങ്ങളും ഭീഷണികളും ഉണ്ടായിട്ടുള്ളത്. വീറ്റോ പ്രയോഗിക്കുന്നതിന് മുൻപായി പൊതുസഭയിൽ ചർച്ച നടത്തണമെന്ന നിബന്ധന നിലവിലുണ്ടെങ്കിലും അത്തരമൊരു ചർച്ച ഒരുതവണ പോലും നടന്നിട്ടില്ല,’’ അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാസമിതിയിലെ എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം പങ്കുവെക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എല്ലാ സ്ഥിരാംഗങ്ങൾക്കും തുല്യമായ അവകാശങ്ങളും കടമകളും വേണമെന്നതാണ് നീതിയുക്തമായ സമീപനം. വീറ്റോ അധികാരത്തോടു കൂടിയോ അല്ലാതെയോ സ്ഥിരാംഗങ്ങളുടെ പുതിയൊരു വിഭാഗത്തെ കൂടി സൃഷ്ടിക്കുന്നത് നിലവിലെ സങ്കീർണ്ണമായ ചർച്ചകളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയേയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

Source link

Related Articles

Back to top button