കോടിയേരിയുടെ ഫ്ലെക്സ് നശിപ്പിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെ; പൊളിയുന്നത് എസ്എഫ്ഐ വാദങ്ങൾ

കൊല്ലം ∙ എസ്എഫ്ഐ പ്രതിഷേധത്തിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പുതിയ വഴിതിരിവ്. ബോർഡ് കീറിയത് താനാണെന്ന് സമ്മതിച്ച് രംഗത്തെത്തിയ അക്ബർ ഷാ, താൻ മുൻ എസ്എഫ്ഐക്കാരനും നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് വ്യക്തമാക്കി പുതിയ വീഡിയോ പുറത്തുവിട്ടു.
അക്ബർ ഷായെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും, അയാൾ സംഘടനയുടെ ഭാഗമല്ലെന്നും, പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ വ്യക്തിയാണെന്നുമായിരുന്നു എസ്എഫ്ഐയുടെ ആദ്യ വിശദീകരണം. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് അക്ബർ ഷാ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ബോർഡ് വലിച്ചുകീറിയ സംഭവത്തിൽ അക്ബർ ഷായ്ക്കെതിരെ എസ്എഫ്ഐ കൊല്ലം ഈസ്റ്റ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. പാർട്ടിയുടെ സമരപരിപാടിക്കിടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
കിളികൊല്ലൂർ മേഖലയിലെ എസ്എഫ്ഐയുടെ മുൻ ജോയിന്റ് സെക്രട്ടറിയാണ് താനെന്നും നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും മുൻപ് പല സമരങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അക്ബർ ഷാ ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ അവകാശപ്പെടുന്നു. എന്നാൽ, കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡ് ആണെന്നു കരുതിയാണ് അബദ്ധത്തിൽ അത് കീറിപ്പോയതെന്നും, സംഭവിച്ച തെറ്റിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
അക്ബർ ഷായുടെ ഈ വെളിപ്പെടുത്തൽ എസ്എഫ്ഐ നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് അക്ബർ ഷായ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊലീസിൽ പരാതി നൽകിയത്.
Source link




