ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; ഇന്ത്യ വ്യക്തമായ സമയപരിധി നൽകില്ല

ന്യൂഡൽഹി ∙ പുറത്താക്കപ്പെട്ട മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാടുകടത്തണമെന്ന ധാക്കയുടെ ആവശ്യത്തിൽ നിയമോപദേശങ്ങളും പരിശോധനകളും പുരോഗമിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അവരെ എപ്പോൾ തിരികെ അയക്കുമെന്ന കാര്യത്തിൽ കൃത്യമായ സമയപരിധി നൽകാനാവില്ലെന്ന് ബംഗ്ലദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദി പറഞ്ഞു. ധാക്കയിലെ ഒരു തിങ്ക് ടാങ്ക് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. എന്നാൽ, ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഇന്ത്യക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ത്രിവേദി വ്യക്തമാക്കി. ബംഗ്ലദേശ് സൈന്യത്തിന്റെ പ്രത്യേക അകമ്പടിയോടെ അവരുടെ സ്വന്തം വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയത്. ആ സമയം അവർ ബംഗ്ലദേശിന്റെ പ്രധാനമന്ത്രി തന്നെയായിരുന്നു.
“ആ നിർണായക ഘട്ടത്തിൽ ഹസീനയുടെ വിമാനത്തിന് ഇന്ത്യ ലാൻഡിങ് അനുമതി നിഷേധിച്ചിരുന്നെങ്കിൽ രാജ്യം വലിയൊരു അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുമായിരുന്നു; ആ സാഹചര്യം ഒന്ന് ആലോചിച്ചു നോക്കൂ,”– ബംഗ്ലദേശിലുണ്ടായ നിർഭാഗ്യകരമായ സംഭവവികാസങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ദിനേഷ് ത്രിവേദി പറഞ്ഞു.
Source link



