മുഖംമൂടി അക്രമം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു വീണു

ഭുവനേശ്വർ ∙ ഒഡീഷ തലസ്ഥാനത്ത് യുവതിയെ തോക്കുമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു വീണു. നായപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഹേര സാഹിയിലാണ് ശ്രീധർ പാണ്ഡ എന്ന പ്രതിക്ക് പൊലീസിന്റെ വെടിയേറ്റത്. കാലിൽ രണ്ടുതവണ വെടിയേറ്റ ഇയാളെ ഉടൻതന്നെ നഗരത്തിലെ ക്യാപിറ്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാലുടൻ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഭുവനേശ്വർ ഡിസിപി ശരവണ വിവേക് മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നായപ്പള്ളിയിൽ വച്ച് 26 വയസ്സുള്ള യുവതി ക്രൂരമായ അതിക്രമത്തിന് ഇരയായത്. മുഖംമൂടി ധരിച്ച് യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള പരാതി. വ്യാഴാഴ്ചയാണ് നടുക്കുന്ന ഈ വിവരം പുറത്തുവരുന്നത്. പ്രതിയെ പിടികൂടുക എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുറ്റകൃത്യത്തിന് ശേഷം പ്രതി സിആർപി സ്ക്വയറിലേക്ക് നടന്നുപോകുന്നതും അവിടെനിന്ന് ബസിൽ കയറി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷ ശോഭന മൊഹന്തി ഡിസിപി ശരവണ വിവേകിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Source link




