KAUMUDI

71-ാം വയസിൽ കണ്ണനുമുന്നിൽ റിട്ട. ജഡ്ജിയുടെ ഭരതനാട്യം

തൃശൂർ: ഗുരുവായൂർ കണ്ണനുമുന്നിൽ 71-ാംവയസിൽ റിട്ടയേർഡ് ന്യായാധിപന്റെ ഭരതനാട്യ അരങ്ങേറ്റം. കുടുംബകോടതി ജഡ്ജി, മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ചേർത്തല കുത്തിയതോട് സ്വദേശി മോഹൻദാസ് വിരമിച്ച ശേഷമാണ് നൃത്തത്തിലേക്ക് തിരിഞ്ഞത്.

2024ൽ എറണാകുളം വെണ്ണലയിൽ താമസമാക്കിയപ്പോൾ വ്യായാമത്തിനായാണ് ഡോ. ചന്ദ്രിക സുന്ദരേശന്റെ ഹസ്ത സ്‌കൂൾ ഒഫ് ഡാൻസിൽ ചേരുന്നത്. ആവശ്യമായ അംഗചലനങ്ങളും ഭാവവും മോഹൻദാസിന് വഴങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ ചന്ദ്രിക സുന്ദരേശൻ, കാര്യമായി പഠിക്കാൻ ഉപദേശിച്ചു. അരങ്ങേറ്റം നടത്താൻ പ്രേരിപ്പിച്ചു. പിന്നെ മാസങ്ങൾ നീണ്ട പരിശീലനം. ഇന്നലെ ഗുരുവായൂരിൽ 27 മിനിറ്റാണ് മറ്റ് നർത്തകിമാർക്കൊപ്പം ചുവടുവച്ചത്.

വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരിൽ ഭക്തിഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. ബാർ അസോസിയേഷനിലെ പരിപാടികളിലുൾപ്പെടെ ആസ്ഥാന ഗായകനുമാണ്.

ചേർത്തല പൊറ്റപ്പറമ്പിൽ പി.എൻ.പുരുഷോത്തമൻ- ഭാസുരാംംഗി ദമ്പതികളുടെ മകനായ മോഹൻദാസ്, 1988ൽ മുൻസിഫായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൃശൂർ സബ് ജഡ്ജ്, ലോകായുക്ത ഡെപ്യൂട്ടി രജിസ്ട്രാർ, ജില്ലാ ജഡ്ജ്, ഹൈക്കോടതി ലീഗൽ സർവീസ് അതോറിട്ടി ചുമതലക്കാരൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

റിട്ട. ബാങ്ക് ഉദ്യോഗസ്ഥയും മുൻ എം.എൽ.എയും എസ്.എൻ ട്രസ്റ്റിന്റെ മുൻ സെക്രട്ടറിയുമായിരുന്ന പി.എസ്.കാർത്തികേയന്റെ മകളുമായ​ ഷെർല കാർത്തികേയനാണ് ഭാര്യ. സോഫ്‌റ്റ്‌വെയർ എൻജിനിയർമാരാണ് മകൾ ആര്യയും മകൻ അഖിലും.

ആശംസകളുമായി

ജഡ്ജിമാർ

മോഹൻദാസിന്റെ അരങ്ങേറ്റത്തിന് സാക്ഷികളാകാനെത്തിയവരിൽ ജഡ്ജിമാരുമുണ്ടായിരുന്നു. സുപ്രീംകോടതി മുൻ ജസ്റ്റിസുമാരായ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് കെ.എൻ.ജോസഫും ഫോണിൽ വിളിച്ച് ആശംസ നേർന്നു.

സംഭവബഹുലം ഔദ്യോഗിക ജീവിതം

ഔദ്യോഗിക ജീവിതത്തിൽ സംഭവബഹുലമായ ഇടപെടലുകളുമായി ശ്രദ്ധനേടിയിട്ടുണ്ട് മോഹൻദാസ്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും കൊലക്കുറ്റം നിലനിൽക്കുമെന്നും തുറന്നടിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. കുടുംബകോടതി ജഡ്ജായിരിക്കെയാണ് ദിലീപ്- മഞ്ജുവാര്യർ, മുകേഷ്- സരിത വിവാഹമോചനക്കേസുകൾ തീർപ്പാക്കിയത്.


Source link

Related Articles

Back to top button