KAUMUDI

50-ാമത് വയലാർ അവാർഡ് ആർ രാജശ്രീയ്‌ക്ക്

ആർ രാജശ്രീ

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന നോവലിനാണ് രാജശ്രീയ്‌ക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാം പതിപ്പിലാണ് രാജശ്രീയുടെ ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്.

1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് രാജശ്രീയുടെ ജനനം. പി.എൻ. രാജപ്പൻ മാസ്റ്ററുടെയും ആർ. രാജമ്മയുടെയും മകളാണ്. വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിർമിതി: വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ഇന്ന് പുരസ്കാരം ലഭിച്ച ആത്രേകയമാണ് പ്രധാന കൃതി. ‘കമലാലക്ഷണം’ എന്ന നോവൽ നിലവിൽ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരികയാണ്.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗം ഗവേഷണകേന്ദ്രത്തിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്ന രാജശ്രീ സാഹിത്യരചനയ്‌ക്കൊപ്പം അദ്ധ്യാപനരംഗത്തും സജീവമാണ്. നന്ദ ശ്രീപാർവതിയും നിരഞ്ജൻ ശ്രീപതിയുമാണ് മക്കൾ.

അവാർഡ് നിർണയ സമിതിയിൽ ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ അംഗങ്ങളായിരുന്നു.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണം നടക്കും.

English Summary

Writer R. Rajasree has won the 50th Vayalar Award for her novel “Aathreyakam.” This prestigious Malayalam literary prize, among the most notable in the field, includes one lakh rupees, a bronze sculpture designed by Kanayi Kunhiraman, and a citation. Her work was chosen for the award’s landmark 50th edition.


Source link

Related Articles

Back to top button