MANORAMA

വാട്സാപ്പ് ഗ്രൂപ്പിലൂടെ ഓഹരി തട്ടിപ്പ്; നിക്ഷേപകന് 546 കോടി രൂപ തിരികെ നൽകാൻ നിർദ്ദേശം

ചട്ടങ്ങൾ ലംഘിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഓഹരി നിക്ഷേപത്തെക്കുറിച്ച് പരിശീലനം നൽകിയ നിക്ഷേപകനും സ്ഥാപനത്തിനും എതിരെ കനത്ത നടപടിയുമായി സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അവധൂത് സാത്തെ ട്രേഡിങ് അക്കാദമിക്കും അതിന്റെ ഉടമ അവധൂത് സാത്തെയ്ക്കുമാണ് സെബി പിഴ ചുമത്തിയത്. മതിയായ റജിസ്ട്രേഷൻ ഇല്ലാതെ ഓഹരി വിപണി പാഠങ്ങൾ നൽകി പണം തട്ടിയെന്ന കണ്ടെത്തലിനെത്തുടർന്ന്, ഇവർ പിരിച്ചെടുത്ത 546.17 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാൻ ഉത്തരവിട്ടു. ഇതിനു പുറമെ പലിശ ഇനത്തിൽ 67.87 കോടി രൂപയും ഇവർ അടയ്ക്കേണ്ടി വരും.

വ്യാജ പ്രചാരണങ്ങളിലൂടെയും ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുമായിരുന്നു ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. വാട്സാപ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങൾ നൽകിയെന്നും സെബിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ ആകെ 601.38 കോടി രൂപയാണ് ഇവർ ജനങ്ങളിൽ നിന്ന് ഈടാക്കിയത്. ഇതിൽ 546.17 കോടി രൂപ അഞ്ച് മാസത്തിനുള്ളിൽ നിക്ഷേപകർക്ക് മടക്കി നൽകാനാണ് സെബിയുടെ കർശന നിർദേശം. പണം തിരികെ ലഭിക്കുന്ന രീതിയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകണമെന്നും സെബിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Source link

Related Articles

Back to top button