കൊച്ചി സിനഗോഗ് തീവയ്പ്പ്: അന്വേഷണം എൻഐഎ ഏറ്റെടുത്തു

കൊച്ചി കടവുംഭാഗം സിനഗോഗ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുന്നോട്ട് കൊണ്ടുപോകും. കേസിലെ പ്രതിയായ എബിൻ ബി. പോളിനെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കൂടി ചുമത്തിയ സാഹചര്യത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയതിന് 18-ാം വകുപ്പും, സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചതിനും തീവെപ്പിനും 16-ാം വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ആദ്യം പ്രാദേശിക തലത്തിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും, പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിദേശത്തുള്ള ചില തീവ്രവാദ ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി വ്യക്തമായ തെളിവുകൾ ലഭിച്ചു.
പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി. പോൾ കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെയാണ് സിനഗോഗിന്റെ മുൻവശത്ത് പെട്രോളൊഴിച്ച് തീയിട്ടത്. സംഭവത്തിന് ശേഷം അധികം വൈകാതെ തന്നെ പുത്തൻകുരിശ് പത്താംമൈലിൽ നിന്ന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വൻതോതിലുള്ള രാസലഹരിമരുന്നുകളും കണ്ടെടുത്തു. സിനഗോഗ് ആക്രമണത്തിന് മുമ്പ് ഇയാൾ നടത്തിയ മറ്റ് ആക്രമണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലുമായി അടച്ചിട്ടിരുന്ന ഒരു വീടിനു നേരെയും, മാർച്ചിൽ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിന് നേരെയും എബിൻ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. സിനഗോഗ് ആക്രമണത്തിന് മുന്നോടിയായി നടത്തിയ പരിശീലനമാണ് ഈ ആക്രമണങ്ങളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂടാതെ, സിനഗോഗ് ആക്രമിച്ചതിന് പിന്നാലെ ക്രിപ്റ്റോ കറൻസി വഴി പ്രതിക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതിന്റെ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് കേസ്, വീടിന് നേരെയുള്ള ആക്രമണം, കാർ ഷോറൂം തീവെപ്പ്, സിനഗോഗ് ആക്രമണം എന്നിങ്ങനെ നാല് പ്രധാന കേസുകളാണ് നിലവിൽ എബിൻ ബി. പോളിന്റെ പേരിലുള്ളത്.



