MANORAMA

നിതീഷ് കുമാറിന് എട്ടിന്റെ പണി; ജെഡിയു തകർന്നെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും ‘ഛോട്ടേ സർക്കാർ’

പട്ന: ജനതാദൾ (യു)വിൽനിന്ന് പുറത്താക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മൊകാമ എംഎൽഎ അനന്ത് സിങ് രംഗത്ത്. നിതീഷ് കുമാർ ഇപ്പോൾ യഥാർഥത്തിൽ പാർട്ടിക്കൊപ്പമില്ലെന്നും അതോടെ ജെഡിയുവിന്റെ അന്ത്യം കുറിക്കപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു. ജെഡിയുവിന് രാഷ്ട്രീയഭാവിയൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വന്തമായി പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും സൂചിപ്പിച്ചു. ജെഡിയുവിൽനിന്ന് പുറത്താക്കപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് നിതീഷ് കുമാറിനെതിരെയും പാർട്ടിക്കെതിരെയും അദ്ദേഹം കടുത്ത നിലപാടുമായി എത്തിയത്.

പാർട്ടിയെ അവഹേളിക്കുകയും മുതിർന്ന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്തതിനൊപ്പം, എതിർ പാർട്ടി സ്ഥാനാർഥിക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തുകയും ചെയ്തതാണ് അനന്ത് സിങ്ങിനെതിരെ നടപടിയെടുക്കാൻ ജെഡിയുവിനെ പ്രേരിപ്പിച്ചത്. കൗൺസിൽ തിരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥിയായ നീരജ് കുമാറിനെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട അനന്ത് സിങ്, പകരം ജൻ സുരാജ് പാർട്ടി സ്ഥാനാർഥി അനുജ് സിങ്ങിന് പരസ്യ പിന്തുണ നൽകുകയായിരുന്നു. താൻ നിതീഷ് കുമാറിനു വേണ്ടി ഒമ്പത് കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്ന അനന്ത് സിങ്ങിന്റെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മൊകാമ മണ്ഡലത്തിൽ ‘ഛോട്ടേ സർക്കാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനന്ത് സിങ്ങിന് മേഖലയിൽ വലിയ സ്വാധീനമാണുള്ളത്. 1990 മുതൽ ഒരു ചെറിയ ഇടവേള ഒഴികെ ഈ നിയമസഭാ സീറ്റ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈപ്പിടിയിലായിരുന്നു.

Source link

Related Articles

Back to top button