MANORAMA

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വൻ തിരിച്ചടി; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി∙ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും തമ്മിലുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ജസ്റ്റിസ് എ. ബദറുദീന്റെ ഉത്തരവ്.

ഇ.ഡി നൽകിയ രേഖകൾ മുൻനിർത്തി സർക്കാർ നേരത്തെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും, അത് മാത്രം പോരാതെ എഫ്ഐആർ റജിസ്റ്റർ ചെയ്തു തന്നെ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ പുതിയ ഉത്തരവിലുള്ളത്. ഇതോടെ പിണറായി വിജയൻ, ടി. വീണ, മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.

അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും, ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് സർക്കാർ പ്രാഥമികാന്വേഷണത്തിൽ മാത്രം ഒതുക്കിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഏഴ് വർഷം വരെ മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമുള്ളൂ എന്നും, ഇ.ഡി വ്യക്തമായ തെളിവുകൾ കൈമാറിയ സ്ഥിതിക്ക് ഉടൻ തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതാണെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം.

കൂടാതെ, അഴിമതിക്കേസുകൾ അന്വേഷിക്കാൻ കൃത്യമായ വിജിലൻസ് സംവിധാനം നിലനിൽക്കെ, അത് ഒഴിവാക്കിക്കൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഇടത്-വലത് മുന്നണികൾ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ തേടി ഹർജിക്കാരൻ എത്തിയത്.

ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നും, അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങൾ.


Source link

Related Articles

Back to top button