ഒരിക്കൽ സിംഹാസനം വാണ സൗന്ദര്യറാണി, ഇന്ന് അഴിക്കുള്ളിൽ; രാജപക്സെ കുടുംബത്തിലെ ഉരുക്കുവനിതയുടെ പതനം

ശ്രീലങ്കയിൽനിന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ആ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മുൻ പ്രഥമവനിതയായ 73 കാരിയായ ശിരന്തി രാജപക്സെ അറസ്റ്റിലായിരിക്കുന്നു. താൻ നടത്തിവന്നിരുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് ഈ നടപടി. രാജപക്സെയുടെ ഭരണകാലത്ത് രാജ്യത്തിന്റെ പ്രൗഢിയുള്ള മുഖമായിരുന്നു ശിരന്തി. സിംഹള ജനത അവരെ രാജ്യത്തിന്റെ ആദരണീയയായ പ്രഥമവനിതയായിട്ടാണ് കണ്ടിരുന്നത്. ലങ്കൻ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അവർ, ഭരണത്തിന്റെ ഉടനീളം വലിയ സ്വാധീനമാണ് ചെലുത്തിയത്. ഭർത്താവിനും ശക്തരായ രാജപക്സെ കുടുംബത്തിനും മേൽ വ്യക്തമായ ‘സോഫ്റ്റ് പവർ’ അവർക്കുണ്ടായിരുന്നു. എന്നാൽ രാജപക്സെയുടെ പത്നി എന്ന മേൽവിലാസത്തിനപ്പുറം, സൗന്ദര്യമത്സര വേദിയിലൂടെയാണ് ശിരന്തി ആദ്യമായി പ്രശസ്തയാകുന്നത്. ഒരു കാലത്ത് അന്താരാഷ്ട്ര സൗന്ദര്യവേദികളിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചതും അവരാണ്.
ശ്രീലങ്കൻ നാവികസേനയിലെ കമാൻഡർ ഇ.പി. വിക്രമസിംഗെയുടെയും വയലറ്റ് വിക്രമസിംഗെയുടെയും മകളായി ജനിച്ച ശിരന്തിയുടെ സ്കൂൾ വിദ്യാഭ്യാസം കൊളംബോയിലെ ഹോളി ഫാമിലി കോൺവെന്റിലായിരുന്നു. പഠനത്തോടൊപ്പം സ്പോർട്സിലും അവർ ഒരുപോലെ തിളങ്ങി. നെറ്റ്ബോൾ, ഹോക്കി, ടെന്നിസ് തുടങ്ങിയ കായികവിനോദങ്ങളിൽ സജീവമായി പങ്കെടുത്ത അവർ അതിൽ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് 1973-ൽ ‘മിസ് ശ്രീലങ്ക’ കിരീടം ചൂടിയതോടെയാണ് ശിരന്തി ദേശീയതലത്തിൽ പ്രശസ്തയാകുന്നത്. പിന്നീട് മിസ് യൂണിവേഴ്സ്, മിസ് വേൾഡ് വേദികളിലും അവർ ശ്രീലങ്കയെ പ്രതിനിധീകരിച്ചു.
സൗന്ദര്യമത്സരങ്ങളിലെ തിളക്കം ശിരന്തിയെ തേടി സിനിമാലോകത്തുനിന്നും നിരവധി അവസരങ്ങൾ എത്തിച്ചു. എന്നാൽ സിനിമയോട് താൽപര്യം കാട്ടുന്നതിന് പകരം വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയാനാണ് അവർ തീരുമാനിച്ചത്. കുട്ടികളുടെ മനഃശാസ്ത്രത്തിലും പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിലും ഉപരിപഠനം നടത്തിയ അവർ, പിന്നീട് രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ‘കാൾട്ടൺ പ്രീ-സ്കൂളുകൾ’ എന്ന പേരിൽ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിൽ സജീവമായി പ്രവർത്തിച്ചു.
Source link



