ഫയലുകൾക്കപ്പുറം മനുഷ്യജീവിതം; ജനസ്പർശവുമായി സർക്കാർ

തിരുവനന്തപുരം: എക്‌സാലോജിക് മാസപ്പടി കേസില്‍ ഹൈക്കോടതിയുടെ വിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയന്‍ എന്നിവര്‍ക്കതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തുകൊണ്ടുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരുവിധ തിടുക്കവും കാണിച്ചിട്ടില്ല. ഇ.ഡിയുടെ കത്ത് ലഭിച്ച ഘട്ടത്തില്‍ മുഴുവന്‍ നിയമവശങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ചില സുപ്രധാന വിധികളുടെ അടിസ്ഥാനത്തിലായിരുന്നു ആ നടപടി. എന്നാല്‍, ഇപ്പോള്‍ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്നും എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടതി ഉത്തരവ് സര്‍ക്കാര്‍ ശിരസാവഹിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൗരന്മാര്‍ക്ക് ലീഗല്‍ ഗ്യാരന്റി
രാജ്യത്ത് ആദ്യമായി വയോജന വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമപരമായ ഉറപ്പ് (ലീഗല്‍ ഗ്യാരന്റി) നല്‍കിക്കൊണ്ടുള്ള ചരിത്രപരമായ നിയമനിര്‍മാണം നടപ്പിലാക്കും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഈ ബില്‍ പാസാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാരുടെ സമഗ്രമായ വിവരശേഖരണം നടത്തി, അവര്‍ വീടുകളിൽ ഒറ്റയ്ക്കായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ മാതൃകയിലുള്ള പ്രത്യേക കൂട്ടായ്മകള്‍ രൂപീകരിച്ച് അവര്‍ക്ക് മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
∙ എസ്‌ഐആര്‍ ക്രമക്കേട്
ബിജെപിക്ക് വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് എസ്‌ഐആര്‍ ക്രമക്കേടുകൾ വ്യാപകമായി നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എസ്‌ഐആര്‍ വിഷയത്തില്‍ കേരളത്തില്‍ ബിജെപിയോ സിപിഎമ്മോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല. എന്നാല്‍, ചില പ്രധാന പരാതികള്‍ ഉന്നയിച്ചത് യുഡിഎഫ് ആണ്. വ്യാജവോട്ടുകളും മറ്റ് ക്രമക്കേടുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ആരുടെയെങ്കിലും യഥാർത്ഥ വോട്ട് ഒഴിവാക്കപ്പെട്ടതായി കേരളത്തില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
∙ പാർട്ടിക്ക് വിധേയൻ
മുഖ്യമന്ത്രിയെന്ന നിലയില്‍ താൻ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും പൂര്‍ണ്ണമായും വിധേയനായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് കൈകള്‍ കൂട്ടി അടിച്ചാല്‍ മാത്രമേ അവിടെ ശബ്ദം കേള്‍ക്കൂ; അതുകൊണ്ടാണ് പല കാര്യങ്ങളിലും പ്രതികരിക്കാത്തത്. എല്ലാവരുമായും ആശയവിനിമയവും കൂടിയാലോചനകളും നടത്തിയ ശേഷമാണ് മുന്നോട്ട് പോകുന്നത്. പരാതികളില്‍ വസ്തുതയുണ്ടെങ്കില്‍ അത് തിരുത്താന്‍ മടിക്കില്ല. ആര്‍ക്കും സര്‍ക്കാരിനെയും തന്നെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ഈ വിഷയങ്ങളിലൊന്നും ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ആരും ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Source link


