MANORAMA

രണ്ടു വർഷത്തെ ദുരിതം: റോ ഏജന്റ് ആരോപണത്തിൽ പ്രതികരണവുമായി പ്രവാസി യുവാവ്

ധാക്ക∙ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്യോമസേന മുൻ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ് സൗരിയുടെ പഴയൊരു പോഡ്കാസ്റ്റ് അഭിമുഖം വീണ്ടും ചർച്ചയാകുന്നു. ചൊവ്വാഴ്ച മുതൽ കാണാതായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ധാക്കയിലെ തുരാഗ് നദീതീരത്തുനിന്നാണ് കണ്ടെടുത്തത്.

2024-ൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ടതിന്റെ വിഡിയോ തഹ്സിഫ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചെന്നായിരുന്നു ഉയർന്നു വന്ന പ്രധാന ആരോപണം. ഇതേതുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി തഹ്സിഫ് നേരത്തെ നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്കെതിരെ ഉയർന്നുവന്ന ‘റോ’ (RAW) ഏജന്റ് എന്ന ആരോപണത്തെ അദ്ദേഹം ആ പോഡ്കാസ്റ്റിലൂടെ ശക്തമായി നിഷേധിച്ചിരുന്നു. തനിക്ക് അത്തരത്തിൽ ബന്ധമുണ്ടായിരുന്നെങ്കിൽ താൻ എന്തിനാണ് ബംഗ്ലാദേശിൽ തുടർന്നിരുന്നതെന്നും, പൊതുവേദിയിൽ സംസാരിക്കാൻ ധൈര്യപ്പെടുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. തന്റെ പാസ്‌പോർട്ട് അധികൃതർ തടഞ്ഞുവെച്ചതിലുള്ള കടുത്ത അതൃപ്തിയും രണ്ടു വർഷമായി താൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

അതേസമയം, സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഐഎസ്പിആർ (ISPR) 2024 ഓഗസ്റ്റ് 4-ന് പുറത്തിറക്കിയ പഴയ പ്രസ്താവനയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. തഹ്സിഫിനും ഫ്ലൈറ്റ് ലെഫ്റ്റനന്റ് റിഫത്ത് അഷ്‌റഫിനും എതിരെ സ്വീകരിച്ച നടപടികൾ ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടാണെന്ന വാർത്തകൾ അന്ന് സൈന്യം തള്ളിയിരുന്നു. ഹസീന സർക്കാർ വീണതിനു പിന്നാലെ തഹ്സിഫിനെ സർവീസിൽനിന്ന് നിർബന്ധിതമായി വിരമിപ്പിച്ചിരുന്നു.

തഹ്സിഫിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം പ്രോതോം അലോ എന്ന പത്രത്തോട് പങ്കുവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിന് പോയ തഹ്സിഫ്, സുഹൃത്തിന്റെ ഫോൺ വന്നതിനെത്തുടർന്നാണ് കൂടെപ്പോയതെന്ന് കുടുംബം പറയുന്നു. പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. രാത്രി ഒന്നരയോടെ താൻ വീട്ടിലേക്ക് വരികയാണെന്ന് കാണിച്ച് തഹ്സിഫിന്റെ ഫോണിൽനിന്ന് അമ്മയ്ക്ക് സന്ദേശം ലഭിച്ചെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തുരാഗ് നദിയിൽ മൃതദേഹം കണ്ടെത്തിയത്. മൂക്കിൽനിന്ന് രക്തം വന്നതൊഴിച്ചാൽ ശരീരത്തിൽ മറ്റ് മാരകമായ മുറിപ്പാടുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്.

Source link

Related Articles

Back to top button