കെഎസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധ: കർശന നടപടിയുമായി പോലീസ്

പെരുമ്പാവൂർ∙ എംസി റോഡിൽ ഒക്കൽ താന്നിപ്പുഴ ഭാഗം ഇപ്പോൾ അപകടങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനങ്ങൾ ചീറിപ്പായുന്നത് ഇവിടെ പതിവായതോടെ ഇതൊരു മരണക്കളമായി മാറിയിരിക്കുന്നു. കാലടി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് ഭൂരിഭാഗം അപകടങ്ങളും അരങ്ങേറുന്നത്. അശ്രദ്ധമായി എത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് കൂനത്താൻ തോമസ് (75) എന്ന ഉമ്മച്ചൻ ദാരുണമായി മരണപ്പെട്ടത്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ സമാനമായ രീതിയിൽ നടന്ന അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ശെൽവന്റെ കൈ അറ്റുപോയിരുന്നു; സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കവെ ലോറി ഇടിച്ചായിരുന്നു ആ ദുരന്തം. താന്നിപ്പുഴ പള്ളി മുതൽ പാലം വരെയുള്ള ദൂരപരിധിയിലാണ് അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നത്. പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതോടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞെങ്കിലും, വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് പ്രദേശവാസികളുടെ ജീവനെടുക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പെരുമ്പാവൂർ∙ കെഎസ്ആർടിസി ബസുകളുടെ അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനുമെതിരെ കർശന താക്കീതുമായി പെരുമ്പാവൂർ പൊലീസ് രംഗത്തെത്തി. താന്നിപ്പുഴയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പൊലീസ് നോട്ടീസ് നൽകിയത്. അമിതവേഗതയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് എസ്ഐ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. കേരള പൊലീസ് ആക്ട് പ്രകാരം സെക്ഷൻ 38 അനുസരിച്ചാണ് നടപടി. ബസ് ഡ്രൈവർമാർ അമിതവേഗതയും ലെയിൻ ട്രാഫിക് നിയമലംഘനങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



