45 കിലോ ഭാരമുള്ള മീനുകൾ; മൂന്ന് ദിവസം കൊണ്ട് വാരിയത് 12 കോടി, തീരത്ത് വമ്പൻ ചാകര!

വറ്റച്ചാകരയുടെ വരവ്: ആവേശത്തിലായി അഞ്ചുതെങ്ങ് പെരുമാതുറ തീരം
തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ചുതെങ്ങ്, പെരുമാതുറ തീരങ്ങളിൽ വറ്റച്ചാകരയുടെ വിളയാട്ടം. ദിവസങ്ങളായി മത്സ്യബന്ധന മേഖലയെ വട്ടംകറക്കിയ ക്ഷാമത്തിന് വിരാമമിട്ടുകൊണ്ട് വൻതോതിൽ വറ്റ മീനുകൾ വലയിലായതോടെ തീരദേശവാസികൾ വലിയ ആവേശത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഈ അപ്രതീക്ഷിത ചാകര മത്സ്യത്തൊഴിലാളികളുടെ മുഖത്ത് വലിയ സന്തോഷമാണ് വിരിയിച്ചിരിക്കുന്നത്.
തുടർച്ചയായുണ്ടായ മത്സ്യക്ഷാമം തീരദേശത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. കടലിൽ പോയാലും ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും പോലും തികയാത്ത അവസ്ഥ വന്നതോടെ മിക്ക ബോട്ടുകളും കരയ്ക്കടുപ്പിച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലേക്കാണ് ഇപ്പോൾ വറ്റച്ചാകരയുടെ സന്തോഷവാർത്തയെത്തിയത്. ഇതോടെ ഹാർബറുകളിലും ലേലപ്പുരകളിലും രാപ്പകൽ ഭേദമില്ലാതെ തിരക്ക് വർധിച്ചിരിക്കുകയാണ്.
10 മുതൽ 45 കിലോ വരെ ഭാരമുള്ള കൂറ്റൻ വറ്റകളാണ് ഇപ്പോൾ വലയിൽ കുടുങ്ങുന്നത്. ചാകര തുടങ്ങിയ ആദ്യ നാളുകളിൽ കിലോയ്ക്ക് 280 രൂപ വരെ വിലയുണ്ടായിരുന്നെങ്കിലും, ലഭ്യത വർധിച്ചതോടെ വില 105 രൂപയായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 12 കോടി രൂപയിലധികം വിറ്റുവരവ് ഈ മേഖലയിൽ ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
RELATED TOPICS: 45 KG FISH, 12 CRORE FISH BUSINESS, KERALA FISHING SEASON, MASSIVE FISH CATCH, KERALA FISH MARKET
Source link


